തമിഴ്‌നാട്ടില്‍ 2320 ബാറുകള്‍ താല്‍ക്കാലികമായി അടച്ചു; കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി: വിജയിയുടെ ജനപ്രിയ തീരുമാനങ്ങള്‍ വീണ്ടും

തമിഴ്‌നാട്ടില്‍ 2320 ബാറുകള്‍ താല്‍ക്കാലികമായി അടച്ചു; കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി: വിജയിയുടെ ജനപ്രിയ തീരുമാനങ്ങള്‍ വീണ്ടും

ചെന്നൈ: തമിഴ്നാട്ടിലെ 2320 ബാറുകളുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ട് ജോസഫ് വിജയ് സര്‍ക്കാര്‍. ടാസ്മാക് മദ്യവില്‍പന ശാലകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കാണ് അടച്ചു പൂട്ടല്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇവയുടെ നിലവിലുണ്ടായിരുന്ന ലൈസന്‍സ് കാലാവധി ജൂണ്‍ 30 ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി.

പുതിയ ടെന്‍ഡറുകള്‍ ക്ഷണിച്ചായിരിക്കും ഇനി ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുക. കഴിഞ്ഞ ദിവസം മദ്യനിരോധന - എക്‌സൈസ് വകുപ്പ് മന്ത്രി കെ വിഘ്‌നേഷിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.

പുതിയ ടെന്‍ഡര്‍ അനുമതിയാകുന്നതു വരെ നിലവിലെ ബാറുകള്‍ താല്‍ക്കാലികമായി അടയ്ക്കുന്നതിനാല്‍ സര്‍ക്കാരിന് പ്രതിമാസം 400 കോടി രൂപയുടെ വരെ വരുമാന നഷ്ടം ഉണ്ടായേക്കാമെന്നാണ് ടാസ്മാക് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാത്രമല്ല വരാനിരിക്കുന്ന പുതിയ ടെന്‍ഡര്‍ വ്യവസ്ഥകളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടായേക്കും.

2024 ജനുവരിയിലാണ് നിലവിലെ ബാര്‍ നടത്തിപ്പുകാര്‍ക്ക് ലൈസന്‍സ് അനുവദിച്ചത്. 2026 ജനുവരിയില്‍ ഈ ലൈസന്‍സ് കാലാവധി അവസാനിക്കേണ്ടതായിരുന്നു. പക്ഷേ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ ഇത് ജൂണ്‍ വരെ നീട്ടിനല്‍കുകയായിരുന്നു. ഈ നീട്ടി നല്‍കിയ കാലാവധിയാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.

തമിഴ്നാട് സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസുകളില്‍ ഒന്നാണ് ടാസ്മാക്. നിലവില്‍ സംസ്ഥാനത്തുടനീളം 4,048 ചില്ലറ മദ്യവില്‍പന ശാലകളാണ് ടാസ്മാകിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിദിനം ശരാശരി 150 കോടി രൂപയുടെ മദ്യവില്‍പന നടക്കുന്ന ഈ ശൃംഖല, സംസ്ഥാന ഖജനാവിലേക്ക് വന്‍തോതില്‍ പണമെത്തിക്കുന്ന പ്രധാന വരുമാന മാര്‍ഗമാണ്.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി വിജയ് 717 ടാസ്മാക് മദ്യശാലകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചു പൂട്ടിയത്. തമിഴ്‌നാട്ടില്‍ നേരത്തെയുള്ള നിയമ പ്രകാരം സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും 50 മീറ്റര്‍ പരിധിയില്‍ മദ്യഷോപ്പുകള്‍ പാടില്ല. എന്നാല്‍ ദൂരപരിധി 500 മീറ്റര്‍ ആയി ഉയര്‍ത്തിയിരിക്കുകയാണ് വിജയ്.

മറ്റൊരു സുപ്രധാന തീരുമാനവും വിജയ് സര്‍ക്കാര്‍ ഇന്നലെ കൈക്കൊണ്ടു. കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനാണ് തീരുമാനം. മുഖ്യമന്ത്രി വിജയ് ഈ മാസം പത്തിന് കരൂര്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ടിവികെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും. തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ് ആദ്യമായാണ് കരൂര്‍ സന്ദര്‍ശിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27-ന് ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേര്‍ മരിച്ചത്. കരൂര്‍ അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ രാഷ്ട്രീയ പരിപാടികളും പൊതുയോഗങ്ങളും നടത്തുന്നതിനുള്ള നടപടി ക്രമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. സിബിഐയാണ് നിലവില്‍ ഈ കേസില്‍ അന്വേഷണം നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.