ഇന്നത്തെ ലോകത്ത് സോഷ്യല്‍ മീഡിയ മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയ നല്ലതാണോ ചീത്തയാണോ? എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറയാനാവില്ല. കാരണം അതിന് ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ ഉണ്ട്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും സമയം പാഴാക്കാനും വിദ്വേഷം വളര്‍ത്താനും അത് ഉപയോഗിക്കപ്പെടാറുണ്ട്.
അതേസമയം അറിവ് പങ്കുവയ്ക്കാനും മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കാനും നന്മയുടെ സന്ദേശങ്ങള്‍ ലോകമെമ്പാടും എത്തിക്കാനും സോഷ്യല്‍ മീഡിയയ്ക്ക് വലിയ ശക്തിയുണ്ട്. അതിനാല്‍ പ്രശ്‌നം സോഷ്യല്‍ മീഡിയയിലല്ല, അത് ഉപയോഗിക്കുന്ന നമ്മുടെ സമീപനത്തിലാണ്.
സോഷ്യല്‍ മീഡിയയെ നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അത് സമൂഹത്തിന് വലിയ അനുഗ്രഹമാകുന്നു. വിജ്ഞാന പ്രദമായ വിവരങ്ങള്‍ പങ്കുവയ്ക്കാനും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും സൗഹൃദവും സ്‌നേഹവും മാനുഷിക മൂല്യങ്ങളും വളര്‍ത്താനും ഇത് സഹായിക്കുന്നു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പുകളും സഹായ അഭ്യര്‍ഥനകളും സോഷ്യല്‍ മീഡിയയിലൂടെ വേഗത്തില്‍ ജനങ്ങളിലെത്തുകയും അനേകരുടെ ജീവിതത്തില്‍ പ്രത്യാശ പകരുകയും ചെയ്യുന്നു.
അതുകൊണ്ട് നന്മ പ്രചരിപ്പിക്കാനുള്ള ശക്തമായ ഒരു മാധ്യമമായി ഇതിനെ മാറ്റാന്‍ ഓരോരുത്തര്‍ക്കും കഴിയും. പ്രത്യേകിച്ച് കുട്ടികളെയും യുവജനങ്ങളെയും സോഷ്യല്‍ മീഡിയ ക്രിയാത്മകമായി ഉപയോഗിക്കാന്‍ മാതാപിതാക്കളും അധ്യാപകരും സമൂഹവും പരിശീലിപ്പിക്കണം. പഠനത്തിനും സര്‍ഗാത്മകതയ്ക്കും വ്യക്തിത്വ വികസനത്തിനും സഹായകമാകുന്ന രീതിയില്‍ അത് ഉപയോഗിക്കാനും അതിന് അടിമപ്പെടാതെ സമയത്തിന് നിയന്ത്രണം നല്‍കാനും അവര്‍ പഠിക്കണം. യഥാര്‍ത്ഥ ജീവിത ബന്ധങ്ങള്‍ നഷ്ടപ്പെടാതെ ഡിജിറ്റല്‍ ലോകത്തെ വിവേകത്തോടെ സമീപിക്കുന്ന ശീലമാണ് ഇന്നത്തെ തലമുറയ്ക്ക് ഏറ്റവും ആവശ്യമായത്.
ഒരു കാലത്ത് സോഷ്യല്‍ മീഡിയയെ സംശയത്തോടെ കണ്ടിരുന്ന ക്രൈസ്തവ സമൂഹം ഇന്ന് സുവിശേഷ വല്‍ക്കരണത്തിനും വിശ്വാസ പരിശീലനത്തിനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഈ മാധ്യമത്തെ ഫലപ്രദമായി ഉപയോഗിക്കുന്നു. മീഡിയ ഇവാഞ്ചലിസേഷന്‍ ഇന്ന് സഭയുടെ പ്രധാന ശുശ്രൂഷകളിലൊന്നായി വളര്‍ന്നിരിക്കുകയാണ്. 'നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുമ്പില്‍ പ്രകാശിക്കട്ടെ; അവര്‍ നിങ്ങളുടെ നല്ല പ്രവൃത്തികള്‍ കണ്ട് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്' (മത്തായി 5:16) എന്ന യേശുവിന്റെ വചനം സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിനും പ്രസക്തമാണ്.
നമ്മുടെ വാക്കുകളും ചിത്രങ്ങളും സന്ദേശങ്ങളും മറ്റുള്ളവര്‍ക്ക് വെളിച്ചവും പ്രത്യാശയും നന്മയും പകരുന്നതാകുമ്പോള്‍ സോഷ്യല്‍ മീഡിയ ഒരു അനുഗ്രഹമായി മാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.