ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൽ കേപ്‌വെർദെയ്‌ക്കെതിരായ കടുപ്പമേറിയ പോരാട്ടത്തിനൊടുവിൽ അർജന്റീന പ്രീക്വാർട്ടറിൽ ഇടംപിടിച്ചതിന് പിന്നാലെ കായിക ലോകത്തിന്റെ മനം കവർന്ന് ലയണൽ മെസിയുടെ ഒരു പ്രവൃത്തി. മത്സര ശേഷം മൈതാനത്തു നിന്ന് മടങ്ങുന്നതിനിടെ ഒരു ആരാധകൻ നൽകിയ അമൂല്യമായ സമ്മാനം മെസി അതീവ ആദരവോടെ സ്വീകരിച്ചു.
വത്തിക്കാനിൽ വെച്ച് ആശീർവദിച്ച ഒരു കൊന്തയാണ് ആരാധകൻ മെസ്സിക്കായി കൈമാറിയത്. മെസിക്കും ഭാര്യ അന്റോനെലയ്ക്കും മക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടിയുള്ളതാണെന്നും തന്റെ ജീവിതകാലം മുഴുവൻ മെസി അർജന്റീനയ്ക്ക് നൽകിയ സന്തോഷങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും ആരാധകൻ വികാരാധീനനായി പറഞ്ഞു.
തന്നിലേക്ക് നീട്ടിയ സമ്മാനം ധൃതിയിൽ വാങ്ങി മുന്നോട്ടുപോകുന്നതിന് പകരം ആരാധകന്റെ വാക്കുകൾ പൂർണമായും കേൾക്കാൻ മെസി സമയം കണ്ടെത്തി. ക്യാമറകളുടെയും കാണികളുടെയും വലിയ ആരവങ്ങൾക്കിടയിലും ആ നിമിഷത്തിൽ അവർ രണ്ടുപേർ മാത്രമായി മാറുകയായിരുന്നു. ആരാധകൻ സംസാരിച്ചു തീർന്നപ്പോൾ തികഞ്ഞ വിനയത്തോടെ മെസി അദേഹത്തെ ആലിംഗനം ചെയ്തു. കൃത്രിമമായ ഒരു പ്രകടനവുമില്ലാതെ തികച്ചും സ്വാഭാവികമായ ഒരു സൗഹൃദ നിമിഷമായിരുന്നു അത്.
ലോകമെമ്പാടുമുള്ള ആരാധകർ മെസിയോട് അടുത്ത് സംസാരിക്കാനോ ഒരു ചെറിയ സമ്മാനം നൽകാനോ മണിക്കൂറുകളോളം കാത്തുനിൽക്കാറുണ്ട്. ഫുട്ബോൾ ഇതിഹാസമായി മാറിയിട്ടും ഇത്തരം നിമിഷങ്ങളിൽ മെസ്സി കാട്ടുന്ന എളിമയും സ്നേഹവും ആരാധകർക്ക് എന്നും വലിയൊരു അനുഭവമാണ്. ഫുട്ബോൾ മത്സരങ്ങൾക്കപ്പുറം മനുഷ്യർ തമ്മിലുള്ള സ്നേഹത്തിന്റെയും നന്ദിയുടെയും ഒരു വലിയ ആത്മബന്ധത്തിന് കൂടിയാണ് ഈ ലോകകപ്പ് വേദി സാക്ഷ്യം വഹിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.