പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ സംസ്ഥാന പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് ഉജ്വല വിജയം. ഫലം അറിവായ 85 ശതമാനം സീറ്റുകളും തൂത്തുവാരിയാണ് ലേബര്‍ പാര്‍ട്ടി വിജയത്തിലേക്കു കുതിച്ചത്. പ്രതിപക്ഷമായ ലിബറല്‍ - നാഷണല്‍ സഖ്യത്തിന് നാമമാത്ര സീറ്റുകള്‍ മാത്രമാണ് നേടാനായത്.
ഇന്ത്യന്‍ വംശജനും തമിഴ്‌നാട് സ്വദേശിയുമായ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ. ജഗദീഷ് കൃഷ്ണന്‍ റിവര്‍ട്ടണ്‍ മണ്ഡലത്തില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. നിരവധി മലയാളികള്‍ താമസിക്കുന്ന മേഖലയാണിത്. നിലവിലെ സംസ്ഥാന പ്രീമിയര്‍ മാര്‍ക്ക് മഗോവന്‍ റോക്കിംഹാം മണ്ഡലത്തില്‍നിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. പ്രതിപക്ഷ നേതാവും ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ സാക്ക് കിര്‍കപ് ഡവെസ്‌വില്‍ സീറ്റില്‍ ദയനീയമായി പരാജയപ്പെട്ടു. ലിബറല്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി പാര്‍ട്ടി നേതാവു കൂടിയായ സാക്ക് കിര്‍കപ് അറിയിച്ചു.
കഴിഞ്ഞ 88 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാവ് സ്വന്തം മണ്ഡലത്തില്‍ പരാജയപ്പെടുന്നത്. നിലവിലെ പ്രീമിയറായ മാര്‍ക്ക് മഗോവന്‍ തന്നെ ആ സ്ഥാനത്ത് തുടരും. ലിബറല്‍ പാര്‍ട്ടിയുടെ ആധിപത്യത്തിലായിരുന്ന പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നാലു വര്‍ഷം മുന്‍പ്് നടന്ന തിരഞ്ഞെടുപ്പിലാണ് മഗോവന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി അധികാരം പിടിച്ചെടുത്ത്. ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ അടുത്ത നാലു വര്‍ഷത്തേക്കു കൂടി സംസ്ഥാനത്തെ നയിക്കാനുള്ള അംഗീകാരമാണ് ലേബര്‍ പാര്‍ട്ടിക്കു കിട്ടിയിരിക്കുന്നത്.
കോവിഡിനെതിരായ ഫലപ്രദമായ പോരാട്ടവും സാമ്പത്തിക-തൊഴില്‍ മേഖലകളിലെ പുത്തന്‍ ഉണര്‍വുമാണ് ലേബര്‍ പാര്‍ട്ടിക്ക് മിന്നുന്ന ജയം സമ്മാനിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തമിഴ്‌നാട് സ്വദേശിയായ ഡോ. ജഗദീഷ്കൃഷ്ണന്റെ വിജയത്തില്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ മലയാളികള്‍ ഏറെ ആഹ്്‌ളാദത്തിലാണ്. ഇന്ത്യയില്‍നിന്ന് മെഡിക്കല്‍ ബിരുദമെടുത്ത് ഓസ്‌ട്രേലിയയില്‍ എത്തിയ ഡോ. ജഗദീഷ്കൃഷ്ണന്‍ ഇവിടെ ജനറല്‍ പ്രാക്ടീഷണര്‍ (ജി.പി) കൂടിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.