മുംബൈ: മഹാരാഷ്ട്രയിലെ ക്രൈസ്തവ സഭകളുടെയും ക്രിസ്ത്യൻ മിഷണറി സ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമികളെക്കുറിച്ച് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താൻ ബിജെപി സർക്കാരിന്റെ തീരുമാനം. ബ്രിട്ടീഷ് ഭരണകാലം മുതൽ മിഷണറിമാർ കൈവശം വെച്ചിരിക്കുന്നതും കൈമാറ്റം ചെയ്യപ്പെട്ടതുമായ ഭൂമികൾ പരിശോധിക്കാനാണ് റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവങ്കുലെ നിയമസഭയിൽ നിർദേശം നൽകിയത്.
കൊളോണിയൽ കാലഘട്ടം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ജീവകാരുണ്യ കേന്ദ്രങ്ങൾ തുടങ്ങിയവ വഴി സാമൂഹിക സേവനങ്ങളിൽ സജീവമാണ് ക്രൈസ്തവ സഭകൾ. സഭയുടെയും മിഷണറി സംഘടനകളുടെയും ഉടമസ്ഥതയിലുള്ള ഈ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നിലനിൽപ്പിനെത്തന്നെ ഈ അന്വേഷണം ബാധിക്കുമോയെന്ന ആശങ്ക ക്രൈസ്തവ സമൂഹത്തിൽ ശക്തമാണ്.
മൂന്ന് മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കണമെന്നാണ് സർക്കാരിന്റെ നിർദേശം. ഭൂമി കൈമാറ്റത്തിലെ ക്രമക്കേടുകൾ, ഉടമസ്ഥാവകാശ തർക്കങ്ങൾ എന്നിവ കണ്ടെത്താനാണ് അന്വേഷണമെന്നാണ് സർക്കാർ വാദം. ഇതിനകം കോളനികളായി വികസിപ്പിച്ചതോ പൊതുജന ആവശ്യങ്ങൾക്കായി ഉപയോഗിച്ചതോ ആയ ഭൂമിയുടെ കാര്യത്തിൽ നിയമ വകുപ്പിന്റെ അഭിപ്രായം തേടിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
ക്രൈസ്തവ സഭകളെ മാത്രം ലക്ഷ്യമിട്ട് ഇത്തരമൊരു നടപടി സ്വീകരിച്ചത് സർക്കാരിന്റെ വർഗീയ നിലപാടിന്റെ ഭാഗമാണെന്ന് ഇതിനകം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സഭാ സ്ഥാപനങ്ങളുടെ സേവനങ്ങളെ തടസപ്പെടുത്താനും ക്രൈസ്തവ സമൂഹത്തെ സമ്മർദത്തിലാക്കാനുമുള്ള തീവ്ര ഹിന്ദുത്വ അജണ്ടയാണ് ഇതിനു പിന്നിലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
സഭയുടെ ഭൂമി സംബന്ധിച്ച വിഷയങ്ങളിൽ സുതാര്യമായ ചർച്ചകൾക്ക് സർക്കാർ തയ്യാറാകണമെന്നും സേവന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്നുമാണ് ക്രൈസ്തവ നേതൃത്വത്തിന്റെ ആവശ്യം. സഭാ നേതൃത്വം ഈ വിഷയത്തിൽ നിയമപരമായ തുടർനടപടികൾ ആലോചിച്ചുവരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.