ചരിത്രം കുറിച്ച് വമ്പിച്ച വിശ്വാസ റാലി; പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ചരിത്രം കുറിച്ച് വമ്പിച്ച വിശ്വാസ റാലി; പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ചിക്കാഗോ: രണ്ടാം ദിവസത്തെ ഏറ്റവും വലിയ ആകര്‍ഷണം അമേരിക്കയിലെ വിവിധ ഇടവകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള വിശ്വാസികളെ അണിനിരത്തി നടത്തിയ വമ്പിച്ച ഘോഷയാത്രയായിരുന്നു കണ്‍വെന്‍ഷന്‍ സെന്ററിനെ ഭക്തി സാന്ദ്രമാക്കിയ റാലിയില്‍ ഓരോ ചര്‍ച്ചുകളുടെയും പേരെഴുതിയ ബാനറുകളും മനോഹരമായി അലങ്കരിച്ച നിശ്ചല ദൃശ്യങ്ങളും മുന്‍നിരയില്‍ അണിനിരന്നു.

പരമ്പരാഗത മുത്തുക്കുടകളും വാദ്യ മേളങ്ങളുമായി ആയിരക്കണക്കിന് വിശ്വാസികള്‍ റാലിയില്‍ പങ്കെടുത്തപ്പോള്‍ അത് അമേരിക്കന്‍ മണ്ണിലെ ഒരു മിനി കേരളമായി മാറി.

സീറോ മലബാര്‍ വിശ്വാസ പാരമ്പര്യവും തനിമയും അതിമനോഹരമായി അണിയിച്ചൊരുക്കിയ റാലിയില്‍ പങ്കെടുത്ത മികച്ച ഇടവകകള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ പ്രഖ്യാപിച്ചു.

ഒന്നാം സ്ഥാനം: ഫാ. സിബി സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിന്‍ പുതിയകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗാര്‍ലന്‍ഡ് സെന്റ് തോമസ് ഫൊറോന ചര്‍ച്ച് കരസ്ഥമാക്കി.


രണ്ടാം സ്ഥാനം: ഫാ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോര്‍ജ് പാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഹൂസ്റ്റണ്‍ സെന്റ് ജോസഫ്‌സ് ഫൊറോന ചര്‍ച്ച് നേടി.


മൂന്നാം സ്ഥാനം: വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറയുടെ നേതൃത്വത്തില്‍ അണിനിരന്ന ലോങ് ഐലന്‍ഡ് സെന്റ് മേരീസ് ചര്‍ച്ച് (ന്യൂയോര്‍ക്ക്) സ്വന്തമാക്കി.


നാലാം സ്ഥാനം: ഫാ. റൂബന്‍ ജോസഫ് താന്നിക്കല്‍ വികാരിയായി നേതൃത്വം നല്‍കുന്ന അറ്റ്‌ലാന്റ സെന്റ് അല്‍ഫോന്‍സ ഫൊറോന ചര്‍ച്ച് നേടി.


ആല്‍മായ പ്രേക്ഷിതത്വത്തിന്റെ മുന്നേറ്റവുമായി 'ജീവന്‍ ജ്യോതി'

സഭയുടെ വളര്‍ച്ചയിലും സുവിശേഷ പ്രഘോഷണത്തിലും ആല്‍മായരുടെ സജീവവും ശക്തവുമായ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ജീവന്‍ ജ്യോതി ആല്‍മായ മുന്നേറ്റ'ത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കണ്‍വെന്‍ഷന്‍ നഗരിയില്‍ നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന് ഭദ്രദീപം കൈമാറിക്കൊണ്ടാണ് ഈ ചരിത്രപരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്.

പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ വൈദികരിലും സന്യാസ്തരിലും മാത്രം ഒതുങ്ങിനില്‍ക്കാതെ, ആല്‍മായരിലൂടെയും കുടുംബങ്ങളിലൂടെയും സജീവമായി പ്രോത്സാഹിപ്പിക്കുക എന്നതാണ് ജീവന്‍ ജ്യോതിയുടെ പ്രധാന ലക്ഷ്യമെന്ന് ഈ പുതിയ മുന്നേറ്റത്തിന്റെ കോര്‍ഡിനേറ്ററായ റവ. ഫാ. ഫ്രാന്‍സിസ് പാലത്തുങ്കല്‍ അറിയിച്ചു. സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളിലും ഭരണപരമായ കാര്യങ്ങളിലും ആല്‍മായര്‍ക്ക് കൂടുതല്‍ വ്യക്തമായ ദിശാബോധവും പങ്കാളിത്തവും നല്‍കാന്‍ ഈ പ്രസ്ഥാനം വഴിതുറക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.


വൈകുന്നേരം നടന്ന സെഷനുകളില്‍ വിവിധ ഇടവകളില്‍ നിന്നുള്ള പ്രതിനിധികള്‍ അവതരിപ്പിച്ച മനോഹരമായ സ്‌കിറ്റുകളും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ബൈബിള്‍ അധിഷ്ഠിത സന്ദേശങ്ങളും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ഉള്‍പ്പെടുത്തിയുള്ള സ്‌കിറ്റുകള്‍ പ്രേക്ഷകരുടെ വലിയ പ്രശംസ പിടിച്ചുപറ്റി. ആത്മീയ ചൈതന്യവും സാംസ്‌കാരിക തനിമയും ഒത്തുചേര്‍ന്ന കണ്‍വെന്‍ഷന്റെ രണ്ടാം ദിവസം പ്രവാസി സമൂഹത്തിന് വലിയൊരു ആത്മീയ ഉണര്‍വാണ് സമ്മാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.