ടെക്‌സസ്: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന കനക കിരീടത്തിലേക്കുള്ള ഫിഫ ലോകകപ്പ് മഹാ പോരാട്ടത്തിന് തുടക്കം. ആവേശക്കടല്‍ ആകാശത്തോളം ഉയര്‍ത്തിക്കൊണ്ട് ടൂര്‍ണമെന്റിലെ ആദ്യ സെമി ഫൈനലില്‍ യൂറോപ്യന്‍ വമ്പന്മാരായ സ്‌പെയിനും ഫ്രാന്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. അമേരിക്കയിലെ ടെക്‌സസിലെ പ്രശസ്തമായ ഡാളസ് സ്റ്റേഡിയത്തിലാണ് ഈ സ്വപ്‌ന പോരാട്ടം അരങ്ങേറുന്നത്.
ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 12.30 നാണ് (ഗള്‍ഫ് സമയം ഇന്ന് രാത്രി 11.00) മത്സരം. ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനാണ് കായിക ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
ടൂര്‍ണമെന്റിലുടനീളം പരാജയം അറിയാതെ മുന്നേറുന്ന സ്പാനിഷ് കരുത്തും കിലിയന്‍ എംബാപ്പെയുടെ നായകത്വത്തിലിറങ്ങുന്ന ഫ്രാന്‍സിന്റെ അനുഭവ സമ്പത്തും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും ഇത്. കൗമാര വിസ്മയം ലാമിന്‍ യമാലിന്റെ വിങ്ങുകളിലൂടെയുള്ള അതിവേഗ മുന്നേറ്റങ്ങളും നിക്കോ വില്യംസ്, പെഡ്രി എന്നിവരുടെ തകര്‍പ്പന്‍ ഫോമുമാണ് സ്‌പെയിനിന്റെ കരുത്ത്.
മറുഭാഗത്ത് ഏത് പ്രതിരോധക്കോട്ടയും തകര്‍ക്കാന്‍ പോന്ന വേഗതയുമായി കിലിയന്‍ എംബാപ്പെയും തിയോ ഹെര്‍ണാണ്ടസും മൈക്കല്‍ ഒലീസെയും അടങ്ങുന്ന സംഘം കളം നിറയും. യൂറോ കപ്പിലെയും നേഷന്‍സ് ലീഗിലെയും മുന്‍ കണക്കുകള്‍ തീര്‍ക്കാന്‍ ഫ്രാന്‍സ് ബൂട്ടണിയുമ്പോള്‍, ചരിത്രം ആവര്‍ത്തിക്കാന്‍ തന്ത്രങ്ങളുമായി സ്‌പെയിന്‍ പടയും തയ്യാറായിക്കഴിഞ്ഞു. മൈതാനത്ത് നേരിയ പിഴവുകള്‍ക്ക് പോലും സ്ഥാനമില്ലാത്ത അതിനിര്‍ണായക പോരാട്ടത്തില്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാന്‍ രണ്ട് ടീമുകളും സര്‍വ സന്നാഹങ്ങളുമായാണ് അങ്കത്തിനിറങ്ങുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.