'മുഖം ഒഴിവാക്കി ശരീരത്തിന്റെ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചു'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

'മുഖം ഒഴിവാക്കി ശരീരത്തിന്റെ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചു'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന കടുത്ത സൈബര്‍ അക്രമണങ്ങള്‍ക്കും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ.

മന്ത്രിയായിട്ടും മുഖം പകര്‍ത്താതെ തന്റെ ശരീരത്തിന്റെ ചിത്രം പകര്‍ത്തി പ്രചരിപ്പിച്ചു. ഇത്തരം പ്രവണതകള്‍ വ്യാപകമായി വര്‍ധിച്ചിട്ടുണ്ടെന്നും ഇതു തടയുന്നത് സംബന്ധിച്ച് നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

അടുത്തിടെ കൊല്ലത്തെ ഒരു സ്‌കൂളില്‍ നടന്ന പൊതുചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ഒരു ഓണ്‍ലൈന്‍ ചാനല്‍ ക്യാമറ തന്റെ മുഖം പൂര്‍ണമായും ഒഴിവാക്കി ശരീരത്തിലേക്ക് മാത്രം സൂം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി മന്ത്രി പറഞ്ഞു. ഇപ്രകാരം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി.

സ്ത്രീകളുടെ ശരീരത്തെ മാത്രം കേന്ദ്രീകരിച്ച് അശ്ലീല ചുവയോടെ ദൃശ്യങ്ങള്‍ നിര്‍മ്മിക്കുകയും അവയെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെയും യൂട്യൂബ് ചാനലുകളെയും സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.

ഒരു സ്ത്രീയായിട്ട് കാണേണ്ട, ഒരു വ്യക്തിയല്ലേ? മനുഷ്യര്‍ക്ക് എങ്ങനെയാണ് മറ്റ് മനുഷ്യരെ ഇത്തരമൊരു രീതിയില്‍ കാണാന്‍ കഴിയുന്നതെന്ന് എനിക്കറിയില്ല. സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ഇത്തരം ക്യാമറാ അതിക്രമങ്ങള്‍ വലിയ പ്രയാസമായി മാറുന്നത് നാം സ്ഥിരമായി കാണുന്നതാണ്.

ഈ വിഷയം അങ്ങേയറ്റം ഗൗരവമുള്ളതായതിനാല്‍ കുറ്റക്കാര്‍ക്കെതിരെ ഏറ്റവും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റങ്ങള്‍ തടയുന്നതിനായി പുതിയ നിയമ നിര്‍മ്മാണത്തിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ ആലോചിച്ചുവരികയാണെന്നും അതില്‍ ഒരു സംശയവും വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുളള കുറ്റകൃത്യങ്ങളോട് സീറോ ടോളറന്‍സ് എന്നതാണ് സര്‍ക്കാര്‍ നയം. ഇതിന്റെ ഭാഗമായി 'സേഫ് വിമന്‍ പോളിസി', 'സേഫ് ഫാമിലി പോളിസി' എന്നിവ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.