ചിക്കാഗോ: സീറോ മലബാര്‍ സമൂഹത്തിലെ യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, യുവസംരംഭകര്‍, പ്രൊഫഷണലുകള്‍, നിക്ഷേപകര്‍ എന്നിവരെ ഒരു കുടക്കീഴില്‍ അണിനിരത്തി പുതിയ കരിയര്‍മെന്റര്‍ഷിപ്പ് അവസരങ്ങള്‍ ഒരുക്കുന്ന സീറോ ബിസിനസ് കണക്റ്റിന് ചിക്കാഗോയില്‍ സമാരംഭം.
യുവതലമുറയ്ക്ക് ബിസിനസ്, കരിയര്‍ രംഗങ്ങളില്‍ വന്‍ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുന്ന കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം സീറോ മലബാര്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ചിക്കാഗോ മക്കോര്‍മിക് പ്ലേസില്‍ നടന്ന ചടങ്ങില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു.
വെറുമൊരു ബിസിനസ് നെറ്റ്വര്‍ക്കിങ് ക്ലബ് എന്നതിനപ്പുറം യുവതലമുറയെ ലക്ഷ്യമിട്ട് വിശ്വാസം, ധാര്‍മ്മികത, പരസ്പര സഹായം എന്നിവയിലൂന്നി പ്രവര്‍ത്തിക്കുന്ന സ്ഥിരം ബിസിനസ് സമൂഹമായാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. ചടങ്ങില്‍ സംഘടനയുടെ സ്പിരിച്ച്വല്‍ ഡയറക്ടറും ചിക്കാഗോ സീറോ മലബാര്‍ രൂപതാ പ്രൊക്യൂറേറ്ററുമായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ആക്ടിങ് ചെയര്‍മാന്‍ ജോസി ജോര്‍ജ് അഞ്ഞിലിവേലില്‍, നേതൃത്വ സംഘാംഗങ്ങളായ റോബിന്‍ അലക്‌സ്, ചെറിയാന്‍ തോമസ്, സുനില്‍ കുര്യന്‍, റിച്ചാര്‍ഡ് കര്‍ട്ടോ എന്നിവര്‍ പങ്കെടുത്തു.
.jpeg)
യുവജനങ്ങള്‍ക്ക് വഴികാട്ടണം: ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്:
ബിസിനസിലും കരിയറിലും ലഭിക്കുന്ന വിജയം ദൈവത്തിന്റെ ദാനമാണെന്നും അവ അടുത്ത തലമുറയിലെ യുവജനങ്ങളുടെ വളര്‍ച്ചയ്ക്കായി പങ്കുവയ്ക്കുമ്പോഴാണ് അനുഗ്രഹമായി മാറുന്നതെന്നും ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് പറഞ്ഞു. യുവജനങ്ങള്‍ വലിയ സ്വപ്നങ്ങള്‍ കാണാന്‍ മടിക്കരുതെന്നും എന്നാല്‍ സത്യസന്ധതയും വിനയവും കൈവിടരുതെന്നും അദേഹം ഓര്‍മിപ്പിച്ചു.
നെറ്റ്‌വര്‍ക്കിങ് മുതല്‍ ബിസിനസ് നടത്തിപ്പില്‍ വരെ പ്രൊഫഷണല്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്രൈസ്തവ വിശ്വാസ മൂല്യങ്ങള്‍ എങ്ങനെ സംയോജിപ്പിക്കാമെന്ന കാര്യത്തില്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ സംഘടനയ്ക്ക് മാര്‍ഗ നിര്‍ദേശം നല്‍കും. സമൂഹത്തിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും സ്വന്തം വിശ്വാസ സമൂഹത്തിനുള്ളില്‍ നിന്നുള്ള മികച്ച മാതൃകകള്‍ ആവശ്യമാണെന്നും ഒരു നല്ല സംഭാഷണം ഒരു യുവാവിന് നല്‍കുന്ന ആത്മ വിശ്വാസം ചെറുതല്ലെന്നും ഫാ. കുര്യന്‍ ചൂണ്ടിക്കാട്ടി. ലാഭം നേടുന്നവന്‍ മാത്രമല്ല മറിച്ച് അവസരങ്ങള്‍ സൃഷ്ടിക്കുകയും വിജയത്തെ സമൂഹത്തിന് ഉപകാര പ്രദമാക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥ ബിസിനസ് നേതാവെന്നും അദേഹം പറഞ്ഞു.
കണക്ഷന്‍, മെന്റര്‍ഷിപ്പ്, ഇന്‍വെസ്റ്റ്മെന്റ്:
ആശയങ്ങളുള്ള യുവ സംരംഭകര്‍ക്ക് ശരിയായ ഗൈഡന്‍സും വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ മാര്‍ഗ നിര്‍ദേശവും നല്‍കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ആക്ടിങ് ചെയര്‍മാന്‍ ജോസി ജോര്‍ജ് അഞ്ഞിലിവേലില്‍ വ്യക്തമാക്കി. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പ്രാദേശിക ചാപ്റ്ററുകള്‍, പ്രതിമാസ വെബിനാറുകള്‍, കരിയര്‍ ഗൈഡന്‍സ്, ഇന്‍ടേണ്‍ഷിപ്പ് അവസരങ്ങള്‍ എന്നിവ യുവജനങ്ങള്‍ക്കായി സംഘടനയിലൂടെ ലഭ്യമാക്കും. ബിസിനസ് വിജയത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സുനില്‍ കുര്യന്‍ വിശദീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ syrobusinessconnect.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
യുവ സംരംഭകരുടെ 'ഫയര്‍സൈഡ് ചാറ്റ്':
.jpeg)
ഒരു ആശയം എങ്ങനെ വലിയ ബിസിനസാക്കി മാറ്റാം, ആദ്യ ഉപയോക്താവിനെ എങ്ങനെ കണ്ടെത്താം, കരിയറിന്റെ തുടക്കകാലത്തെ പരാജയങ്ങളില്‍ നിന്ന് എന്താണ് പഠിക്കേണ്ടത്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കുന്ന സാധ്യതകള്‍ തുടങ്ങിയ യുവജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത 'From Idea to Impact' ഫയര്‍സൈഡ് ചാറ്റ് വേദിയിലെ പ്രധാന ആകര്‍ഷണമായി.
പ്രമുഖ സംരംഭകരായ റോബിന്‍ അലക്‌സ്, ചെറിയാന്‍ തോമസ്, റിച്ചാര്‍ഡ് കര്‍ട്ടോ എന്നിവര്‍ പാനലിസ്റ്റുകളായി. ജോസി ജോര്‍ജ് സംഭാഷണം നയിച്ചു.
ഷാര്‍ക്ക് ടാങ്കില്‍ ജെസ്വിന്‍ വര്‍ഗീസിന് ഒന്നാം സ്ഥാനം:
യുവസംരംഭകര്‍ക്കായി ഒരുക്കിയ സീറോ ഷാര്‍ക്ക് ടാങ്ക് 2026 മത്സരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഫിറ്റ്നസ് പ്ലാറ്റ്ഫോമായ അസെന്‍ഡ് ഫിറ്റ്നസ് സ്ഥാപകന്‍ ജെസ്വിന്‍ വര്‍ഗീസ് ഒന്നാം സ്ഥാനവും പതിനയ്യായിരം ഡോളര്‍ സമ്മാനവും നേടി. രോഗം വന്ന ശേഷം ചികിത്സിക്കുന്ന രീതിക്ക് പകരം മുന്‍കൂട്ടിയുള്ള ആരോഗ്യ സംരക്ഷണമാണ് ഈ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്.
.jpeg)
വ്യക്തി വിവരങ്ങള്‍ പരസ്യമാക്കാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയിലൂടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുന്ന സോള്‍വെയ്ല്‍ എന്ന സംരംഭം അവതരിപ്പിച്ച അഭിജിത്ത് ഫ്രാന്‍സിസ് പ്രത്യേക അംഗീകാരത്തിന് അര്‍ഹനായി. സൗത്ത് ഏഷ്യന്‍ വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കാനും പുനര്‍വില്‍പന നടത്താനുമുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റ് പ്ലേസ് ആയ ദേശി ക്ലോസറ്റ്‌സ് അവതരിപ്പിച്ച ജോയല്‍ വിന്‍സെന്റ് പ്രേക്ഷകരുടെ വോട്ടിലൂടെയുള്ള ഓഡിയന്‍സ് അവാര്‍ഡ് നേടി. സ്ട്രാറ്റോസ്, സേ യെഷ്, അവലോണ്‍ എന്നി സ്റ്റാര്‍ട്ടപ്പുകളും ഫൈനലില്‍ മാറ്റുരച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.