ബഹിരാകാശ ചരിത്രത്തില്‍ മലയാളി തിലകം: അനില്‍ മേനോനെയും വഹിച്ചുള്ള സോയൂസ് എംഎസ് 29 വിജയകരമായി വിക്ഷേപിച്ചു

ബഹിരാകാശ ചരിത്രത്തില്‍ മലയാളി തിലകം: അനില്‍ മേനോനെയും വഹിച്ചുള്ള സോയൂസ് എംഎസ് 29 വിജയകരമായി വിക്ഷേപിച്ചു

അസ്താന: മലയാളി പെരുമ ഇനി ബഹിരാകാശത്തും. മലയാളിയായ അനില്‍ മേനോന്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ ഗവേഷക സംഘത്തെയും വഹിച്ചുകൊണ്ടുള്ള റഷ്യന്‍ ബഹിരാകാശ പേടകം സോയൂസ് എംഎസ് 29 വിജയകരമായി വിക്ഷേപിച്ചു. ഖസാക്കിസ്ഥാനിലെ ചരിത്ര പ്രസിദ്ധമായ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് പേടകം കുതിച്ചുയര്‍ന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എക്‌സ്‌പെഡിക്ഷന്‍ 74 ദൗത്യത്തിന്റെ ഭാഗമായാണ് അനില്‍ മേനോന്‍ തന്റെ ആദ്യ ബഹിരാകാശ യാത്ര ആരംഭിച്ചിരിക്കുന്നത്.

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ ഈ സുപ്രധാന ദൗത്യത്തില്‍ അനില്‍ മേനോനെ കൂടാതെ റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോത്തര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും പങ്കാളികളാണ്. പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്ന ശേഷം ഡോക്കിങ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1:25 ന് സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിക്കും.

വൈദ്യശാസ്ത്ര മേഖലയിലും ബഹിരാകാശ ഗവേഷണത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിടുന്ന നിരവധി പഠനങ്ങളാണ് ഈ ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സീറോ ഗ്രാവിറ്റി അഥവാ മൈക്രോ ഗ്രാവിറ്റി അന്തരീക്ഷത്തില്‍ മനുഷ്യ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, രക്തയോട്ടത്തിലെ വ്യതിയാനങ്ങള്‍, നാഡീ വ്യൂഹങ്ങളുടെ ഘടന, രക്ത ഘടകങ്ങളിലെ മാറ്റങ്ങള്‍ എന്നിവ ഇതില്‍ പ്രധാനമാണ്. കൂടാതെ ബഹിരാകാശ നിലയത്തില്‍ ലഭ്യമായ കുടിവെള്ളം ഉപയോഗിച്ച് ഐവി ഫ്‌ളൂയിഡുകള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള നിര്‍ണായക പരീക്ഷണങ്ങള്‍ക്കും അനില്‍ മേനോന്റെ നേതൃത്വത്തിലുള്ള സംഘം തുടക്കമിടും.

അടിയന്തര ഘട്ട വൈദ്യ ശാസ്ത്രത്തിലും എഞ്ചിനീയറിങിലും വിദഗ്ധനായ അനില്‍ മേനോന്റെ ഈ യാത്ര മലയാളി സമൂഹത്തിന് ഒന്നാകെ വലിയ അഭിമാന നിമിഷമാണ് സമ്മാനിച്ചിരിക്കുന്നത്.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്റെയും ഉക്രെയ്ന്‍ സ്വദേശിനിയായ എലിസബത്തിന്റെയും മകനായി അമേരിക്കയിലാണ് അനില്‍ മേനോന്‍ ജനിച്ചത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോ ബയോളജിയില്‍ ബിരുദം നേടിയ അദേഹം, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

യു.എസ് വ്യോമസേനയില്‍ കേണലായി സേവനമനുഷ്ഠിച്ചിട്ടുള്ള അനില്‍ 2014 ലാണ് നാസയില്‍ ഫ്‌ളൈറ്റ് സര്‍ജനായി പ്രവേശിക്കുന്നത്. പിന്നീട് സ്‌പേസ് എക്‌സിലേക്ക് മാറിയ അദേഹം സ്ഥാപനത്തിന്റെ ആദ്യ ഫ്‌ളൈറ്റ് സര്‍ജനായും മെഡിക്കല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ പരിശീലന സംഘത്തിലേക്ക് അനില്‍ മേനോന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. സ്‌പേസ് എക്‌സ് ജീവനക്കാരിയായ അന്ന മേനോനാണ് ഭാര്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.