വാഷിങ്ടണ്‍: ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി മൂര്‍ച്ഛിക്കുന്നു. വരും ദിവസങ്ങളില്‍ ഇറാന് മേലുള്ള സൈനിക നടപടികള്‍ അമേരിക്ക കടുപ്പിക്കുമെന്നാണ് വൈറ്റ് ഹൗസില്‍ നിന്നുള്ള സൂചനകള്‍.
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ അതീവ ഗുരുതരമായ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ രാജ്യത്തെ തന്ത്ര പ്രധാനമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചകളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഇറാന്റെ നിലപാട് തുടര്‍ന്നാല്‍ വരും ആഴ്ചകളില്‍ സ്ഥിതിഗതികള്‍ അവര്‍ക്ക് പൂര്‍ണമായും നിയന്ത്രണാതീതമാകുമെന്ന് ഫോക്സ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. ഇറാന്റെ പവര്‍ പ്ലാന്റുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള ജീവനാഡികള്‍ തകര്‍ക്കാനാണ് അമേരിക്കയുടെ പദ്ധതി.
ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് സംശയിക്കുന്ന പിക് ആക്സ് മൗണ്ടന്‍ എന്ന ഭൂഗര്‍ഭ സൈനിക കേന്ദ്രം ഇപ്പോള്‍ പൂര്‍ണമായും യു.എസ് നിരീക്ഷണത്തിലാണ്. ഈ ഭൂഗര്‍ഭ കേന്ദ്രത്തില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവിക നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭൂമിയുടെ അടിയിലേക്ക് തുളച്ച് കയറി സ്‌ഫോടനം നടത്തുന്ന അതിശക്തമായ ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
അന്താരാഷ്ട്ര വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണിയുയര്‍ത്തുന്ന ഇറാന്റെ സൈനിക ശേഷി പൂര്‍ണമായും ഇല്ലാതാക്കുകയാണ് യുഎസിന്റെ ഈ നീക്കത്തിന് പിന്നില്‍. നിലവില്‍ ഇറാന്റെ റഡാര്‍ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍, ഡ്രോണ്‍ വിക്ഷേപണ തറകള്‍ എന്നിവ ലക്ഷ്യമിട്ട് തുടര്‍ച്ചയായ നാലാം ദിവസവും യു.എസ് സേന ആക്രമണം നടത്തിക്കഴിഞ്ഞു. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവരടങ്ങുന്ന ഉന്നത സുരക്ഷാ സമിതിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തി ഭാവി സൈനിക നടപടികള്‍ക്ക് രൂപം നല്‍കി കഴിഞ്ഞു.
ആണവ പദ്ധതികള്‍ പൂര്‍ണമായും നിര്‍ത്തലാക്കാനും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ പാത സുരക്ഷിതമാക്കാനുമുള്ള യു.എസ് ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് ട്രംപിന്റെ നിലപാട് വ്യക്തമാക്കുന്നത്. എന്നാല്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിക്കാന്‍ ഇറാനും പദ്ധതിയിടുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.