മുസഫറാബാദ്: പാക് അധീന കാശ്മീരില്‍ പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ മേഖല പൂര്‍ണമായും ആഭ്യന്തര യുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നു. ഇന്ന് മുസഫറാബാദിലേക്ക് പ്രഖ്യാപിച്ചിട്ടുള്ള ജനകീയ ലോങ് മാര്‍ച്ചിന് മുന്നോടിയായി ചൊവ്വാഴ്ചയുണ്ടായ സംഘര്‍ഷങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരില്‍ പത്ത് സാധാരണക്കാരും ഒരു പൊലീസുകാരനും ഒരു റേഞ്ചറും ഉള്‍പ്പെടുന്നു. പൂഞ്ച് മേഖലയിലാണ് ഏറ്റുമുട്ടലുകള്‍ കനത്ത നാശനഷ്ടമുണ്ടാക്കിയത്. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പാകിസ്ഥാന്‍ അയ്യായിരത്തോളം അര്‍ധ സൈനികരെയും സുരക്ഷാ സേനയെയും ഇവിടെ വിന്യസിച്ചതോടെ സ്ഥിതി അതീവ സങ്കീര്‍ണമായി തുടരുകയാണ്.
ജനകീയ പ്രക്ഷോഭങ്ങള്‍ ലോകം അറിയാതിരിക്കാന്‍ പാക് ഭരണകൂടം മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. റാവലകോട്ട് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അപ്രഖ്യാപിത മാധ്യമ വിലക്കും വാര്‍ത്താവിനിമയ നിയന്ത്രണങ്ങളും നിലനില്‍ക്കുന്നു. മുസഫറാബാദിലേക്കുള്ള പ്രക്ഷോഭകരുടെ പ്രവേശനം തടയുന്നതിനായി പ്രദേശത്തെ എല്ലാ അതിര്‍ത്തികളും പാതകളും പൂര്‍ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. നാല്‍പ്പതിനായിരത്തോളം വരുന്ന പ്രക്ഷോഭകരാണ് ഇവിടെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, വിഭവങ്ങളുടെ ചൂഷണം, ഭരണാധികാരികളുടെ ആഡംബരങ്ങള്‍ എന്നിവയ്‌ക്കെതിരെ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. എന്നാല്‍ സമാധാനപരമായ സമരത്തിലേക്ക് പാക് സേന മനപൂര്‍വം നുഴഞ്ഞുകയറ്റക്കാരെ വിട്ട് അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സമരസമിതി ആരോപിക്കുന്നു. അതേസമയം പ്രക്ഷോഭകാരികള്‍ക്ക് നേരെ അതിക്രമം കാട്ടുന്ന പാകിസ്ഥാന്‍, പ്രദേശത്തേക്കുള്ള ഭക്ഷണവും അവശ്യ മരുന്നുകളും തടഞ്ഞുവെച്ചതായും വിവരമുണ്ട്.
തങ്ങളെ ഈ നരകയാതനയില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പാക് അധീന കാശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചു. ഈ സാഹചര്യത്തില്‍ പാകിസ്ഥാന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. കാലങ്ങളായി പാകിസ്ഥാന്‍ അവിടെയുള്ള ജനങ്ങളോട് കാണിക്കുന്ന വിവേചനത്തിന്റെയും ക്രൂരതയുടെയും പ്രതിഫലനമാണ് ഈ പ്രക്ഷോഭമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വന്തം ജനതയ്ക്ക് നേരെ പാകിസ്ഥാന്‍ നടത്തുന്ന നഗ്‌നമായ അക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.