ഹൂതികളുടെ ആക്രമണം: അബഹ അടക്കം സൗദിയിലെ നാല് വിമാനത്താവളങ്ങള്‍ അടച്ചു; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു

 ഹൂതികളുടെ ആക്രമണം: അബഹ അടക്കം സൗദിയിലെ നാല്  വിമാനത്താവളങ്ങള്‍ അടച്ചു; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് നാല് പ്രധാന വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു. അബഹ, ജിസാന്‍, നജ്റാന്‍, ഷറൂറ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഇതോടെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള പല വിമാന സര്‍വിസുകള്‍ റദ്ദാക്കി.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ രണ്ടില്‍ നിന്നും അബഹയിലേക്ക് ഇന്ന് രാവിലെ 10.25 നും വൈകിട്ട് 4.05നും പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. അബഹയില്‍ നിന്ന് ദുബായിലേക്കുള്ള ഫ്‌ളൈദുബായ് വിമാനങ്ങളായ എഫ്.ഇസഡ് 815, എഫ്.ഇസഡ് 811 എന്നിവയും റദ്ദാക്കി. ഉച്ചക്ക് 2.25ന് അബഹയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ അറേബ്യയുടെ ജി 9195 വിമാനവും റദ്ദാക്കി.

ചൊവ്വാഴ്ച രാവിലെ 11.50 നും വൈകിട്ട് 5.55 നും ഇടയില്‍ അബഹയില്‍ നിന്നുള്ള കുറഞ്ഞത് 10 വിമാന സര്‍വിസുകള്‍ റദ്ദാക്കിയതായാണ് ഫ്‌ളൈറ്റ് റഡാര്‍ 24 ലെ കണക്കുകള്‍. സൗദിയയുടെ അഞ്ച് സര്‍വിസുകളും ഫ്‌ളൈ അഡീലിന്റെ രണ്ട് സര്‍വിസുകളും ഇതില്‍ ഉള്‍പ്പെടുന്നു. റിയാദിലേക്കുള്ള മൂന്ന് വിമാനങ്ങളും ജിദ്ദയിലേക്കുള്ള രണ്ട് വിമാനങ്ങളും റദ്ദാക്കിയവയില്‍പ്പെടുന്നു. ഫ്‌ളൈ അഡീലിന്റെ ജിദ്ദയിലേക്കുള്ള ഉച്ചക്ക് 1.05 ന്റെയും വൈകിട്ട് 5.25 ന്റെയും സര്‍വിസുകളും മുടങ്ങി.

തിങ്കളാഴ്ച രാത്രിയാണ് അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണമുണ്ടായത്. യമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് അബഹയില്‍ ആക്രമണമുണ്ടായത്. അബഹയിലെ ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യമന്‍ തലസ്ഥാനമായ സനായില്‍ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഈ മിസൈല്‍ ആക്രമണമെന്ന് ഹൂതി വിമതര്‍ അവകാശപ്പെട്ടു.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു. ഈ സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് പടരുമോ എന്ന ആശങ്ക കൗണ്‍സില്‍ പങ്കുവെച്ചു. ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ എല്ലാ കക്ഷികളും ക്രിയാത്മകമായി ഇടപെടണമെന്ന് യു.എന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഖാലിദ് ഖിയാരി അഭ്യര്‍ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.