രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങി; അഞ്ഞൂറിലധികം പേര്‍ മരിച്ചതായി സൂചന

രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ ബംഗാള്‍ ഉള്‍ക്കടലില്‍  മുങ്ങി; അഞ്ഞൂറിലധികം പേര്‍ മരിച്ചതായി സൂചന

നെയ്പിഡോ: ബംഗാള്‍ ഉള്‍ക്കടലില്‍ മ്യാന്‍മര്‍ തീരത്തിനടുത്ത് രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മറിഞ്ഞ് വന്‍ദുരന്തം. അഞ്ഞൂറിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

മ്യാന്‍മറിലെ രാഖൈന്‍ തീരത്തു നിന്നും ബംഗ്ലാദേശിലെ അഭയ കേന്ദ്രങ്ങളില്‍ നിന്നും യാത്ര തിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. മേഖലയില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സമുദ്ര ദുരന്തങ്ങളില്‍ ഒന്നാണിതെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.

ജീവഹാനിയില്‍ തങ്ങള്‍ ആശങ്ക രേഖപ്പെടുത്തുന്നതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണറും അറിയിച്ചു. ജൂലൈ ആദ്യവാരം നടന്ന ദാരുണമായ അപകടത്തില്‍പെട്ട ബോട്ടുകളില്‍ ഉണ്ടായിരുന്നവരുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

കനത്ത മഴയും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. പ്രാഥമിക വിവരങ്ങള്‍ പ്രകാരം മ്യാന്‍മറിലെ സംഘര്‍ഷ ബാധിതമായ രാഖൈന്‍ സംസ്ഥാനത്ത് നിന്ന് ഏകദേശം 250 പേരുമായി യാത്ര തിരിച്ച ആദ്യ ബോട്ടുമായുള്ള ബന്ധം പുറപ്പെട്ടതിന് പിന്നാലെ തന്നെ നഷ്ടപ്പെട്ടു.

മറ്റൊരു ബോട്ട് ഏകദേശം 280 യാത്രക്കാരുമായി ജൂലൈ എട്ടിന് മ്യാന്‍മറിലെ അയ്യര്‍വാഡി തീരത്ത് മറിഞ്ഞതായാണ് കരുതപ്പെടുന്നത്. പ്രദേശത്തെ കനത്ത മഴയും വ്യാപകമായ വെള്ളപ്പൊക്കവും യാത്രയെ കൂടുതല്‍ അപകടത്തിലാക്കിയിരിക്കാമെന്ന് യുഎന്‍ ഏജന്‍സികള്‍ നിരീക്ഷിച്ചു.

മ്യാന്‍മറിലെ പീഡനങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികള്‍ കഠിനമായ വെല്ലുവിളികളാണ് നേരിടുന്നത്. സൈനിക അടിച്ചമര്‍ത്തലില്‍ നിന്ന് പലായനം ചെയ്ത ഏകദേശം 1.2 ദശലക്ഷം രാജ്യമില്ലാത്ത രോഹിംഗ്യകള്‍ ബംഗ്ലാദേശിലെ തിരക്കേറിയ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.

മ്യാന്‍മറില്‍ തുടരുന്നവര്‍ സഞ്ചാര സ്വാതന്ത്ര്യത്തിനും അടിസ്ഥാന സേവനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ നേരിടുകയും തടങ്കല്‍ പാളയങ്ങളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.