ന്യൂയോര്‍ക്ക്: കേരളത്തിന്റെ തനത് ശാസ്ത്രീയ നൃത്ത രൂപമായ മോഹിനിയാട്ടത്തെ ആഗോള പ്രശസ്തിയുടെ നെറുകയില്‍ എത്തിക്കാന്‍ ഒരുങ്ങി ഫൊക്കാന 2026 ദേശീയ കണ്‍വെന്‍ഷന്‍. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം മലയാളി കലാകാരികളെ ഒരേ വേദിയില്‍ അണിനിരത്തിക്കൊണ്ട് വമ്പിച്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ശ്രമത്തിനാണ് കണ്‍വെന്‍ഷന്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
നോര്‍ത്ത് അമേരിക്കന്‍ പ്രവാസി മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക കൂട്ടായ്മയും കലയോടുള്ള ആദരവും ലോകത്തിന് മുന്നില്‍ വിളംബരം ചെയ്യുന്ന അപൂര്‍വമായൊരു ദൃശ്യവിരുന്നായിരിക്കും ഇതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. നിലവില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിയൊരുനൂറിലധികം നര്‍ത്തകിമാര്‍ ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളികളാകാന്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
വിവിധ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച എട്ട് മുതല്‍ പത്ത് ലക്ഷത്തോളം മലയാളികളാണ് ഇന്ന് അമേരിക്കയിലുള്ളത്. സാംസ്‌കാരിക പെരുമ വിളിച്ചോതുന്ന ഈ സംരംഭം പ്രവാസി മലയാളികളുടെ അഭിമാനത്തിന്റെ പ്രതീകമായി മാറുമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു. ലോക വേദിയില്‍ കേരളത്തിന്റെ പാരമ്പര്യം പ്രൗഢിയോടെ അവതരിപ്പിക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ കലാകാരികളുടെയും നൃത്ത വേഷങ്ങള്‍ കോട്ടയത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്മി സില്‍ക്‌സ് ആണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഈ വലിയ സംരംഭത്തിന് ലക്ഷ്മി സില്‍ക്‌സ് നല്‍കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് സംഘാടക സമിതി അറിയിച്ചു.

ദൂരദേശങ്ങളില്‍ നിന്ന് എത്തുന്ന നൃത്തോപാസകര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, അവര്‍ പങ്കെടുക്കുന്ന ദിവസത്തെ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കാന്‍ ഫൊക്കാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കലാകാരന്മാരുടെ പങ്കാളിത്തം സുഗമമാക്കുന്നതിനായി വിപുലമായ ലോജിസ്റ്റിക് സംവിധാനങ്ങളാണ് ഒരുങ്ങുന്നത്. പ്രശസ്ത നൃത്താധ്യാപിക ഗുരു ബീന മേനോന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്ന ഈ മെഗാ പ്രോഗ്രാമിന് പിന്നില്‍ അമേരിക്കയിലെ പ്രമുഖ നൃത്താധ്യാപകരും വിവിധ ഡാന്‍സ് സ്‌കൂളുകളും അണിനിരക്കുന്നുണ്ട്.
മനോജ് വട്ടപ്പള്ളി ചീഫ് കോര്‍ഡിനേറ്ററായും ഡോ. ഷൈനി രാജു കോ-കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയും ഫൊക്കാന എക്‌സിക്യൂട്ടീവ് കൗണ്‍സിലും പരിപാടിയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ട്. കേവലം സാമ്പത്തിക നേട്ടത്തിനപ്പുറം, ലോകമെമ്പാടുമുള്ള മലയാളികളെ ഹൃദയ ബന്ധങ്ങളാല്‍ കോര്‍ത്തിണക്കാനും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ആഗോളതലത്തില്‍ ഉയര്‍ത്തിപ്പിടിക്കാനുമാണ് ഫൊക്കാന ശ്രമിക്കുന്നത്.
ചരിത്രത്തില്‍ ഇടംനേടാന്‍ പോകുന്ന ഈ ഗിന്നസ് റെക്കോര്‍ഡ് പ്രകടനത്തിനും ഫൊക്കാന കണ്‍വെന്‍ഷനും എല്ലാ പ്രവാസി മലയാളികളുടെയും സഹകരണവും പിന്തുണയും സംഘാടകര്‍ അഭ്യര്‍ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.