യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് ദൈവസന്നിധിയിലേക്ക്; മുസ്ലീം കുടുംബത്തിൽ ജനിച്ച് കത്തോലിക്കാ വൈദികനായ സെനാദിന്റെ അത്ഭുത ജീവിതം

യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് ദൈവസന്നിധിയിലേക്ക്; മുസ്ലീം കുടുംബത്തിൽ ജനിച്ച് കത്തോലിക്കാ വൈദികനായ സെനാദിന്റെ അത്ഭുത ജീവിതം

ബെർലിൻ: ബോസ്നിയയിലെ യുദ്ധഭൂമിയിൽ നിന്ന് അഭയാർത്ഥിയായി ജർമ്മനിയിലെത്തി അവിടെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് വൈദികപ്പട്ടം സ്വീകരിച്ച സെനാദ് മൃൽജെവിച്ച് (41) എന്ന യുവാവിന്റെ ജീവിതം ഇന്ന് ലോകത്തിന് വലിയൊരു മാതൃകയാണ്. കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് അദ്ദേഹം നടത്തിയ ഈ വിശ്വാസയാത്ര കത്തോലിക്കാ സഭയിലെ അപൂർവ്വമായ ഒന്നാണ്. ബെർലിനിലെ സെന്റ് ഹെഡ്‌വിഗ്സ് കത്തീഡ്രലിൽ വെച്ച് ആർച്ച് ബിഷപ്പ് ഹൈനർ കോച്ചാണ് സെനാദിനെ വൈദികനായി അഭിഷേകം ചെയ്തത്.

1984 ൽ മുൻ യുഗോസ്ലാവ്യയിലെ ബ്ര്ചോയിലാണ് സെനാദ് ജനിച്ചത്. സമാധാനപരമായ അന്തരീക്ഷത്തിൽ മുസ്ലീം കുടുംബത്തിൽ വളർന്ന അദ്ദേഹത്തിന് 1992 ലെ ബോസ്നിയൻ യുദ്ധം സമ്മാനിച്ചത് പലായനത്തിന്റെ കയ്പ്പേറിയ ദിനങ്ങളായിരുന്നു. ആദ്യം ഓസ്ട്രിയയിലേക്കും പിന്നീട് ജർമ്മനിയിലേക്കും കുടിയേറിയ സെനാദ് ജർമ്മനിയിലെത്തിയപ്പോൾ അന്യനാട്ടുകാരനായി താൻ ഒറ്റപ്പെട്ടു പോയതായി സെനാദ് ഓർക്കുന്നു. ജന്മനാ കാഴ്ചയ്ക്ക് വൈകല്യമുണ്ടായിരുന്നതും സ്‌കൂൾ ജീവിതത്തിൽ അദേഹത്തിന് വലിയ വെല്ലുവിളിയായി.

23-ാം വയസിലാണ് സെനാദിന്റെ ജീവിതത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയത്. ബൈബിൾ വായിക്കാൻ തുടങ്ങിയതോടെ ക്രിസ്തുവിന്റെ വചനങ്ങൾ വലിയ സ്വാധീനം ചെലുത്തി. രഹസ്യമായി പള്ളിയിൽ പോകാൻ തുടങ്ങിയ അദേഹം പിന്നീട് തന്റെ വിശ്വാസം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ല. 2009-ലെ ഈസ്റ്റർ ദിനത്തിൽ മാമ്മോദീസ സ്വീകരിച്ചു. തുടക്കത്തിൽ കുടുംബത്തിന് അതൊരു വലിയ ആഘാതമായിരുന്നുവെങ്കിലും കാലക്രമത്തിൽ അവർ അത് അംഗീകരിച്ചു. സെനാദിന്റെ വൈദികപട്ടം സ്വീകരണച്ചടങ്ങിൽ വൈദികന്റെ മാതാവ് പങ്കെടുത്തത് വലിയൊരു വൈകാരിക മുഹൂർത്തമായി മാറി.

ബെർലിനിലെ നീക്കോൾൻ എന്ന മുസ്ലീം ജനസംഖ്യ കൂടുതലായ പ്രദേശത്താണ് സെനാദ് ഇപ്പോൾ തന്റെ സേവനം അനുഷ്ഠിക്കുന്നത്. തന്റെ പശ്ചാത്തലം കൊണ്ട് ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പാലമായി മാറാൻ തനിക്ക് സാധിക്കുമെന്ന് സെനാദ് വിശ്വസിക്കുന്നു. "ദൈവം എനിക്ക് നൽകിയ വലിയ അനുഗ്രഹമാണിത്. ഈ വിശ്വാസത്തിന്റെ സന്തോഷം മറ്റുള്ളവർക്കും പകർന്നു നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്" വൈദികൻ പറയുന്നു.

തന്റെ ജീവിതത്തിൽ താൻ അനുഭവിച്ച ദൈവിക സ്നേഹം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് സെനാദ് പറയുന്നു. ഏത് പ്രതിസന്ധിയിലും പ്രത്യാശ കൈവിടരുതെന്ന വലിയ സന്ദേശമാണ് ഈ മുൻ അഭയാർത്ഥിയായ വൈദികൻ ലോകത്തിന് നൽകുന്നത്.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.