പ്രതീക്ഷ നല്‍കി കബളിപ്പിച്ചു; ഒന്‍പത് വര്‍ഷമായിട്ടും വധുവിനെ കണ്ടെത്താത്ത വിവാഹ ബ്യൂറോയ്ക്ക് പിഴ

പ്രതീക്ഷ നല്‍കി കബളിപ്പിച്ചു; ഒന്‍പത് വര്‍ഷമായിട്ടും വധുവിനെ കണ്ടെത്താത്ത വിവാഹ ബ്യൂറോയ്ക്ക് പിഴ

കണ്ണൂര്‍: അനുയോജ്യയായ പങ്കാളിയെ കണ്ടെത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയ ശേഷം വഞ്ചിച്ച വിവാഹ ബ്യൂറോയ്ക്ക് ഉപഭോക്തൃ കോടതിയുടെ കനത്ത പിഴ. കണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മാട്രിമോണിയല്‍ സ്ഥാപനത്തിനാണ് എണ്ണായിരം രൂപ നഷ്ടപരിഹാരം ചുമത്തിയത്. വിവാഹപ്രായം പിന്നിട്ടിട്ടും വധുവിനെ കണ്ടെത്താന്‍ കഴിയാതെ മാനസിക വിഷമം നേരിട്ട 45 കാരന്റെ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ നിര്‍ണായക വിധി.

തന്റെ നാല്‍പ്പതാം വയസില്‍, അതായത് 2016 ലാണ് യുവാവ് മൂവായിരം രൂപ നല്‍കി ഈ വിവാഹ ബ്യൂറോയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നത്. കാസര്‍കോട് സ്വദേശിനിയായ ഒരു പെണ്‍കുട്ടിയുടെ ആലോചനയുണ്ടെന്ന് തുടക്കത്തില്‍ അറിയിച്ചതല്ലാതെ പിന്നീട് യാതൊരുവിധ നടപടികളും ബ്യൂറോയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. മകന്റെ വിവാഹം കണ്‍കുളിര്‍ക്കെ കാണാന്‍ ആഗ്രഹിച്ചിരുന്ന യുവാവിന്റെ ക്യാന്‍സര്‍ ബാധിതനായ പിതാവ് കഴിഞ്ഞ വര്‍ഷം മരണപ്പെടുകയും ചെയ്തു. ഒന്‍പത് വര്‍ഷത്തോളം തന്നെ കാത്തിരിപ്പിച്ചു സമയം കളയുകയും പിതാവിന്റെ ഒടുവിലത്തെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെയാണ് യുവാവ് നിയമ പോരാട്ടത്തിന് ഇറങ്ങിയത്.

രജിസ്‌ട്രേഷന്‍ തുകയ്ക്ക് പുറമെ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി 15000 രൂപ വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. എന്നാല്‍ കേസ് പരിഗണിച്ച ഉപഭോക്തൃ ഫോറം പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. നഷ്ടപരിഹാരമായി 3000 രൂപയും മാനസിക സമ്മര്‍ദ്ദത്തിന് 3000 രൂപയും കോടതി ചെലവിലേക്ക് 2000 രൂപയും ഉള്‍പ്പെടെ ആകെ 8000 രൂപ യുവാവിന് നല്‍കാനാണ് ഉത്തരവ്.
കോടതി സമന്‍സ് അയച്ചിട്ടും വിവാഹ ബ്യൂറോ അധികൃതര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ ഫോറം അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.