വാഷിങ്ടണ്‍: ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോരില്‍ അര്‍ജന്റീനയും സ്പെയിനും തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍ ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം കടുത്ത രാഷ്ട്രീയ പോരാട്ട വേദികൂടിയായി മാറും. ഞായറാഴ്ച നടക്കുന്ന മഹാപോരാട്ടം നേരിട്ട് കാണാന്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് യുഎസിലെത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫൈനല്‍ മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ ഗാലറിയിലുണ്ടാകും.
ഇറാന്‍ വിഷയം, നാറ്റോ സഖ്യത്തിലെ സ്പെയിനിന്റെ പങ്കാളിത്തം, ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം എന്നിവയില്‍ ട്രംപും സാഞ്ചെസും മുന്‍പ് പലതവണ പരസ്യമായി വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുള്ളവരാണ്. ഈ മാസം ആദ്യവാരം അങ്കാറയില്‍ നടന്ന ഉച്ചകോടിക്കിടെ സ്പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യം വര്‍ധിപ്പിച്ചിരുന്നു.
കൂടാതെ ഇറാനെതിരായ ആക്രമണ നീക്കങ്ങളില്‍ യുഎസ് സൈന്യത്തിന് തങ്ങളുടെ വ്യോമാതിര്‍ത്തിയും സൈനിക താവളങ്ങളും ഉപയോഗിക്കാന്‍ സ്‌പെയിന്‍ അനുമതി നിഷേധിച്ചതും ഡൊണാള്‍ഡ് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. കടുത്ത രാഷ്ട്രീയ ഭിന്നതകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇരുനേതാക്കളും ഒരേ വേദിയിലെത്തുന്നത് ലോകശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. പെഡ്രോ സാഞ്ചെസിന് പുറമെ സ്പാനിഷ് രാജകുടുംബത്തിലെ അംഗങ്ങളും ഫൈനല്‍ കാണാന്‍ ഗാലറിയിലെത്തുന്നുണ്ട്.
അതേസമയം ട്രംപുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന അര്‍ജന്റീനന്‍ പ്രസിഡന്റ് ഹാവിയര്‍ മിലെയ് കളി കാണാന്‍ അമേരിക്കയിലേക്ക് എത്തില്ല. തന്റെ വ്യക്തിപരമായ വിശ്വാസങ്ങളുടെ ഭാഗമായാണ് അദേഹം ഈ സുപ്രധാന മത്സരം നേരിട്ട് കാണാന്‍ വരാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ലോകകപ്പ് ഫൈനല്‍ മത്സരം താന്‍ സ്വന്തം വീട്ടിലിരുന്ന് ടെലിവിഷനിലൂടെ കാണുമെന്നാണ് അര്‍ജന്റീനന്‍ പ്രസിഡന്റ് വ്യക്തമാക്കിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.