കെഎസ്ഇബിയുടെ പവര്‍ പ്ലേ: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി മുടങ്ങില്ല; താല്‍കാലിക ആശ്വാസമായി 200 മെഗാവാട്ട്

കെഎസ്ഇബിയുടെ പവര്‍ പ്ലേ: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി മുടങ്ങില്ല; താല്‍കാലിക ആശ്വാസമായി 200 മെഗാവാട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരമായി ഒരു വര്‍ഷത്തേക്ക് 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വാക്കാല്‍ അനുമതി നല്‍കി. ശനിയാഴ്ച നടക്കുന്ന തെളിവെടുപ്പിന് ശേഷം ഇതില്‍ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കും. എന്‍.ടി.പി.സി വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡ്, പവര്‍ പ്ലസ് ട്രേഡിങ് സൊലൂഷ്യന്‍സ് ലിമിറ്റഡ് എന്നി കമ്പനികളില്‍ നിന്നാണ് അടുത്ത വര്‍ഷം ജൂലൈ 14 വരെ വൈദ്യുതി വാങ്ങുന്നത്.

യൂണിറ്റിന് 5.96 രൂപ നിരക്കില്‍ 140 കോടി യൂണിറ്റ് വൈദ്യുതി വാങ്ങുന്നതിലൂടെ ഏകദേശം 840 കോടി രൂപയുടെ അധിക ബാധ്യതയാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്നത്. ഈ തുക ഭാവിയില്‍ ഇന്ധന സര്‍ചാര്‍ജ് ആയി ഉപയോക്താക്കളില്‍ നിന്ന് തന്നെ ഈടാക്കേണ്ടി വരും. അടിയന്തരമായി വൈദ്യുതി വാങ്ങി തുടങ്ങുമെങ്കിലും സംസ്ഥാനത്തെ ലോഡ്‌ഷെഡിങ് പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് സൂചന. മഴ കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിദിനം 600 മെഗാവാട്ട് വരെയുള്ള കുറവാണ് നിലവില്‍ കെ.എസ്.ഇ.ബി നേരിടുന്നത്.

വ്യാഴാഴ്ച രാത്രിയില്‍ മാത്രം 493 മുതല്‍ 850 മെഗവാട്ട് വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നിരുന്നു. അതേസമയം ദീര്‍ഘകാല അടിസ്ഥാനത്തില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനായി അഞ്ച് വര്‍ഷത്തേക്ക് 300 മെഗാവാട്ട് വാങ്ങാനുള്ള ടെന്‍ഡര്‍ വ്യവസ്ഥകളില്‍ ഭേദഗതി വരുത്താന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായുള്ള പുതിയ ടെന്‍ഡര്‍ ഉടന്‍ തന്നെ കെ.എസ്.ഇ.ബി വിളിക്കും.

അധിക വൈദ്യുതി ലഭ്യമാകുന്നതോടെ വരാനിരിക്കുന്ന ലോകകപ്പ് ഫൈനല്‍ ദിനമായ ഞായറാഴ്ച സംസ്ഥാനത്ത് യാതൊരുവിധ വൈദ്യുതി നിയന്ത്രണവും ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം.ജി രാജമാണിക്യം അറിയിച്ചു. നിലവിലെ പ്രതിസന്ധി കെ.എസ്.ഇ.ബി സൃഷ്ടിച്ചതല്ലെന്നും രാജ്യ വ്യാപകമായി മഴ കുറഞ്ഞതുമൂലം തത്സമയ വിപണിയില്‍ വൈദ്യുതി ലഭ്യത കുറഞ്ഞതാണ് കാരണമെന്നും അദേഹം വ്യക്തമാക്കി.

അതിനിടെ മുന്‍പ് യൂണിറ്റിന് 4.29 രൂപ നിരക്കില്‍ ലഭ്യമായിരുന്ന ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയതിനെതിരെയുള്ള നിയമപോരാട്ടം കെ.എസ്.ഇ.ബി ശക്തമാക്കുകയാണ്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ കേസില്‍ കെ.എസ്.ഇ.ബിക്ക് വേണ്ടി പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയ കരാറുകള്‍ പിന്നീട് സര്‍ക്കാരിന്റെ ആവശ്യ പ്രകാരം പുനസ്ഥാപിച്ചെങ്കിലും കമ്പനികള്‍ വൈദ്യുതി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ബോര്‍ഡ് കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.