തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രി പരിസരങ്ങളില്‍ വിവിധ സംഘടനകളുടെ ബാനറുകളും കൊടികളും സ്ഥാപിച്ച് നടത്തുന്ന ഭക്ഷണ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതിന് പകരമായി ആശുപത്രികളില്‍ സൗജന്യ ഭക്ഷണ വിതരണത്തിനായി കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്ത്രി നിര്‍ണായകമായ പ്രഖ്യാപനം നടത്തിയത്.
പുതിയ പദ്ധതി പ്രകാരം സൗജന്യ ഭക്ഷണം നല്‍കാന്‍ താല്‍പര്യമുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും തങ്ങള്‍ തയ്യാറാക്കുന്ന ഭക്ഷണം ആശുപത്രിയിലെ കമ്മ്യൂണിറ്റി കിച്ചണില്‍ ഏല്‍പ്പിക്കാവുന്നതാണ്. ഇവിടെ നിന്ന് കൃത്യമായ മാനദണ്ഡങ്ങളോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇത് വിതരണം ചെയ്യും. ആശുപത്രികളെ വിവിധ സംഘടനകളുടെ കൊടികളും ബാനറുകളും സ്ഥാപിച്ച് മത്സരിക്കുന്ന വേദികളാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും സേവന പ്രവര്‍ത്തനങ്ങള്‍ ആശുപത്രിയുടെ അന്തരീക്ഷത്തിന് കോട്ടം വരുത്താത്ത രീതിയിലായിരിക്കണം നിര്‍വഹിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
പൈലറ്റ് പ്രോജക്റ്റ് എന്ന നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. നേരത്തെ ആലപ്പുഴ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ പ്രത്യേക ഷെഡുകള്‍ കെട്ടി നടത്തുന്ന ഭക്ഷണ വിതരണ രീതിയെ വിമര്‍ശിച്ച് ജി. സുധാകരന്‍ എം.എല്‍.എ രംഗത്തെത്തിയിരുന്നു. ആശുപത്രി പരിസരത്തെ ഇത്തരം മത്സര ബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിരുത്സാഹപ്പെടുത്തണമെന്ന അദേഹത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക നടപടിയുണ്ടായിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.