ഓസ്ട്രേലിയയിൽ കത്തോലിക്കാ വിശ്വസത്തെ അപമാനിക്കുന്ന നിശാക്ലബ്ബിന് സർക്കാർ ധനസാഹയം; പ്രതിഷേധവുമായി വിശ്വാസികൾ

ഓസ്ട്രേലിയയിൽ കത്തോലിക്കാ വിശ്വസത്തെ അപമാനിക്കുന്ന നിശാക്ലബ്ബിന് സർക്കാർ ധനസാഹയം; പ്രതിഷേധവുമായി വിശ്വാസികൾ

സിഡ്നി: മുൻപ് കത്തോലിക്കാ ദേവാലയമായിരുന്ന സിഡ്നിയിലെ കെട്ടിടത്തിൽ നിശാക്ലബ്ബ് ആരംഭിക്കാനും അവിടെ 'ഭൂതോച്ചാടനം' പോലുള്ള പരിപാടികൾ നടത്താനുമുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. സംഭവത്തിൽ സർക്കാരിന്റെ പിന്തുണ പിൻവലിക്കണമെന്നും ക്രൈസ്തവ സമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് 3700-ലധികം പേർ ഒപ്പിട്ട നിവേദനം അധികൃതർക്ക് സമർപ്പിച്ചു.

സിഡ്നിയിലെ കെന്റ് സ്ട്രീറ്റിൽ പ്രവർത്തിച്ചിരുന്ന ജെനീഷ്യൻ തിയേറ്റർ എന്ന മുൻ കത്തോലിക്കാ ദേവാലയത്തിലാണ് ഇപ്പോൾ 'ഡിവൈൻ പ്ലേഹൗസ്' എന്ന പേരിൽ നിശാക്ലബ്ബ് പ്രവർത്തിക്കുന്നത്. സർക്കാർ ഏജൻസിയായ 'ക്രിയേറ്റ് എൻഎസ്ഡബ്ല്യു'ഈ സ്ഥാപനത്തിന് 1,00,000 ഡോളർ ഗ്രാന്റ് അനുവദിച്ചതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്. ആദ്യം 'അൺഹോളി പ്ലേഹൗസ്' എന്നായിരുന്നു പേര് എന്നാൽ പ്രതിഷേധത്തെ തുടർന്ന് പിന്നീട് ഡിവൈൻ എന്ന് മാറ്റുകയായിരുന്നു.

ക്രിസ്തീയ ചിഹ്നങ്ങളും ഭാഷയും തീമുകളും ഉപയോഗിച്ച് മതത്തെ പരിഹസിക്കുകയാണ് ഈ നിശാക്ലബ്ബ് ചെയ്യുന്നതെന്ന് നിവേദനത്തിന്റെ സംഘാടകനായ ക്രിസ് നേവ് ആരോപിച്ചു. "ഇതൊരു സാധാരണ നിശാക്ലബ്ബല്ല. യേശുക്രിസ്തുവിനെയും ക്രൂശിനെയും നമ്മുടെ വിശ്വാസത്തെയും പരിഹസിക്കുന്ന രീതിയിലാണ് ഇതിന്റെ ബ്രാൻഡിംഗ്," അദേഹം പ്രസ്താവിച്ചു. മറ്റ് മതവിഭാഗങ്ങൾക്ക് നൽകുന്ന അതേ ബഹുമാനം ക്രൈസ്തവർക്കും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

നിശാക്ലബ്ബിന്റെ പ്രവർത്തനത്തിന് എതിരെ കത്തോലിക്കാ വിശ്വാസികൾ കഴിഞ്ഞ ജൂലൈ എട്ടിന് കെട്ടിടത്തിന് മുന്നിൽ ജപമാല ചൊല്ലി സമാധാനപരമായ പ്രതിഷേധം നടത്തിയിരുന്നു. യേശു രാജാവാണ് എന്ന ബാനറുകളും പരിശുദ്ധ മറിയത്തിന്റെ രൂപങ്ങളുമായി എത്തിയ വിശ്വാസികൾ കന്യാസ്ത്രീകളുടെ വേഷം ധരിച്ചെത്തിയ ജീവനക്കാരുമായി സംസാരിക്കാൻ ശ്രമിച്ചത് വലിയ ചർച്ചയായിരുന്നു. ജൂലൈ 17 നും പ്രതിഷേധക്കാർ സ്ഥലത്ത് ഒത്തുചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ഡിവൈൻ പ്ലേഹൗസ് ഉടമ കാറ്റ് ഡോപ്പർ രംഗത്തെത്തി. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നത് വളരെ വലിയ പിന്തുണയാണ് എന്നും പേരുമാറ്റത്തിലൂടെ ഒരു വിഭാഗത്തിന്റെ ആശങ്ക പരിഹരിച്ചുവെന്നുമാണ് ഇവരുടെ വാദം. 1930-കളിൽ തന്നെ ദേവാലയമെന്ന പദവി നഷ്ടപ്പെട്ട ഈ കെട്ടിടം 2017 ലാണ് സ്വകാര്യ വ്യക്തിക്ക് വിറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.