ഗാസയിലെ കുരുന്നുകൾക്ക് കൈത്താങ്ങായി ജെറുസലേം പാത്രിയാർക്കേറ്റ്; സ്കൂളുകൾ തുറക്കാൻ നീക്കം

ഗാസയിലെ കുരുന്നുകൾക്ക് കൈത്താങ്ങായി ജെറുസലേം പാത്രിയാർക്കേറ്റ്; സ്കൂളുകൾ തുറക്കാൻ നീക്കം

ജെറുസലേം: യുദ്ധക്കെടുതികളിൽ തകർന്നുപോയ ഗാസയിലെ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഇടപെടലുമായി ജെറുസലേം ലത്തീൻ പാത്രിയാർക്കേറ്റ്. ദീർഘനാളായി തുടരുന്ന യുദ്ധം പ്രദേശത്തെ വിദ്യാഭ്യാസ മേഖലയെയും അടിസ്ഥാന സൗകര്യങ്ങളെയും പൂർണമായി തകർത്തിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഗാസയിലെ 'തിരുക്കുടുംബ' ഇടവക ദേവാലയത്തോട് ചേർന്നുള്ള സ്കൂൾ സെപ്റ്റംബറോടെ വീണ്ടും തുറന്ന് ആയിരത്തോളം കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കാനാണ് പാത്രിയാർക്കേറ്റിന്റെ തീരുമാനം. കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ എന്ന് ലത്തീൻ പാത്രിയാർക്കേറ്റ് വികാരി ജനറൽ ബിഷപ്പ് വില്യം ഹന്ന ഷോമാലി വ്യക്തമാക്കി.

ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദേവാലയത്തിൽ ഇതിനകം തന്നെ നൂറുകണക്കിന് ആളുകൾക്ക് അഭയമൊരുക്കിയിട്ടുണ്ട്. പ്രദേശത്ത് നിലവിൽ വന്ന വെടിനിർത്തൽ യുദ്ധം പൂർണമായും അവസാനിപ്പിച്ചിട്ടില്ലെന്നും കഴിഞ്ഞ ഒൻപത് മാസത്തിനിടെ ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണെന്നും അദേഹം ചൂണ്ടിക്കാട്ടി.

ഗാസയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ മുനമ്പിന്റെ 47 ശതമാനം വരുന്ന ഇടുങ്ങിയ പ്രദേശത്താണ് താമസിക്കുന്നത്. ബാക്കി 53 ശതമാനം പ്രദേശം ഇസ്രയേൽ അധീനതയിലാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം വെടിനിർത്തലിന് ശേഷം മാത്രം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായും അതിൽ 265 പേർ കുട്ടികളാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ 3400 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ 80 ശതമാനവും പൂർണ്ണമായും തകർന്നു. മരുന്നുകൾക്ക് വലിയ ക്ഷാമം നേരിടുന്നതായും ബിഷപ്പ് ഷോമാലി വെളിപ്പെടുത്തി. പലർക്കും തൊഴിൽ നഷ്ടപ്പെട്ടതിനാൽ ഭക്ഷണത്തിനും അവശ്യസാധനങ്ങൾക്കുമായി വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോൾ സഹായത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഈ പ്രതിസന്ധികൾക്കിടയിലും മാനുഷിക സഹായങ്ങളും വിദ്യാഭ്യാസവും വഴി ഗാസയിലെ കുരുന്നുകൾക്ക് പുതിയൊരു ഭാവി നൽകാനുള്ള ശ്രമത്തിലാണ് ലത്തീൻ പാത്രിയാർക്കേറ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.