കോംഗോയിൽ ദേവാലയം ആക്രമിച്ച് സക്രാരി കവർന്നു; പ്രായശ്ചിത്ത പരിഹാര പ്രാർത്ഥനയുമായി സഭാനേതൃത്വം

കോംഗോയിൽ ദേവാലയം ആക്രമിച്ച് സക്രാരി കവർന്നു; പ്രായശ്ചിത്ത പരിഹാര പ്രാർത്ഥനയുമായി സഭാനേതൃത്വം

കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കത്തോലിക്ക ദേവാലയത്തിന് നേരെ കടുത്ത ദൈവനിന്ദാപരമായ അതിക്രമം. ഇസിറോ-നിയാംഗാര രൂപതയിലെ നിയാംഗാര വിശുദ്ധ തെരേസായുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ അതിക്രമിച്ചു കയറിയ അക്രമികൾ സക്രാരി മോഷ്ടിക്കുകയും തകർക്കുകയും ചെയ്തു. ജൂലൈ 16 പുലർച്ചെയാണ് ക്രൂരമായ ഈ സംഭവം നടന്നിരിക്കുന്നത്.

വിശുദ്ധ സ്ഥലങ്ങളോടും വിശുദ്ധ കുർബാനയോടും കാണിക്കേണ്ട പവിത്രതയും ആദരവും ഹനിക്കുന്ന ഗുരുതരമായ അതിക്രമമാണിതെന്ന് ഇടവക സഹവികാരി ഫാ. ജീൻ-മാരി മത്സാഗ വ്യക്തമാക്കി. പിറ്റേന്ന് ദിവ്യബലി അർപ്പിക്കാൻ വൈദികർ ദേവാലയത്തിൽ തയ്യാറെടുക്കുന്നതിനിടയാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തറിയുന്നത്.

ദേവാലയത്തിന്റെ ഇടതുവശത്തുള്ള പ്രവേശനകവാടം ബലമായി തകർത്ത നിലയിലായിരുന്നു. സക്രാരി അതിന്റെ പീഠത്തിൽ നിന്ന് അടർത്തി മാറ്റിയാണ് അക്രമികൾ കൊണ്ടുപോയത്. സക്രാരിയിൽ ദിവ്യകാരുണ്യം സൂക്ഷിച്ചിരുന്ന കുസ്തോതി ഉൾപ്പെടെയുള്ള വിശുദ്ധ വസ്തുക്കൾ പിന്നീട് ശൂന്യമായ നിലയിലാണ് കണ്ടെത്തിയത്.

സഭയുടെ നിയമപ്രകാരമുള്ള ആവശ്യമായ വിശുദ്ധീകരണ-പ്രായശ്ചിത്ത കർമ്മങ്ങൾക്കായി ഇടവക ദേവാലയം താൽക്കാലികമായി അടച്ചു. ഇതേത്തുടർന്ന് ദേവാലയത്തിലെ വിശുദ്ധ കുർബാന അർപ്പണവും മറ്റ് തിരുക്കർമ്മങ്ങളും സമീപത്തെ കോണ്‍വെന്റിലേക്ക് മാറ്റിയിട്ടുണ്ട്. ദിവ്യകാരുണ്യ നാഥനോടുള്ള ആദരസൂചകമായി വിശ്വാസികൾ എല്ലാവരും പ്രാർത്ഥനയിലും ആത്മീയ പരിഹാരപ്രവർത്തികളിലും ഒന്നിച്ചുചേരണമെന്ന് രൂപത നേതൃത്വവും വൈദികരും ആഹ്വാനം ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.