അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള കന്നി പോരാട്ടത്തിന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയം വേദിയാകും
കൊല്‍ക്കത്ത: ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും വലിയ അധ്യായങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കാന്‍ ഫുട്‌ബോള്‍ തലസ്ഥാനമായ കൊല്‍ക്കത്ത ഒരുങ്ങുന്നു. ലോക ഫുട്‌ബോളിലെ വന്‍ശക്തികളും അഞ്ച് തവണ ലോക ചാമ്പ്യന്മാരുമായ ബ്രസീലിന്റെ മുതിര്‍ന്ന പുരുഷ ടീം ആദ്യമായി ഇന്ത്യയില്‍ കളിക്കാനിറങ്ങുന്നു. ഒക്ടോബര്‍ മൂന്ന് ശനിയാഴ്ച കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ (വിവേകാനന്ദ യുവഭാരതി ക്രീഡാംഗന്‍) നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ഇന്ത്യന്‍ ദേശീയ ടീമിനെ നേരിടും.
ബ്രസീലിയന്‍ ഫുട്‌ബോള്‍ കണ്‍ഫെഡറേഷനും (CBF) ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (AIFF) സംയുക്തമായി വാര്‍ത്ത സ്ഥിരീകരിച്ചു.
2026 ലെ ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയുടെ ഭാഗമായാണ് മഞ്ഞപ്പട ഏഷ്യന്‍ പര്യടനത്തിനായി എത്തുന്നത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും ബ്രസീല്‍ ഇന്ത്യന്‍ മണ്ണിലേക്ക് പറന്നിറങ്ങുക. സെപ്റ്റംബര്‍ 25 ന് ടൗണ്‍സ്വില്ലെയിലും സെപ്റ്റംബര്‍ 29 ന് ബ്രിസ്‌ബേനിലും ഓസ്‌ട്രേലിയയ്ക്കെതിരെ സൗഹൃദ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മഞ്ഞക്കുപ്പായക്കാര്‍ കൊല്‍ക്കത്തയിലേക്ക് പ്രവേശിക്കുന്നത്.
1992 ല്‍ ഫിഫ ഔദ്യോഗിക റാങ്കിങ് നിലവില്‍ വന്നതിന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള എതിരാളികളാണ് നിലവില്‍ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രസീല്‍. ഇന്ത്യയിലെയും പ്രത്യേകിച്ച് കൊല്‍ക്കത്തയിലെയും ആരാധകരുടെ മഞ്ഞക്കുപ്പായത്തോടുള്ള ദീര്‍ഘകാല പ്രണയമാണ് ഇത്തരമൊരു ചരിത്ര മത്സരത്തിന് വഴിയൊരുക്കിയതെന്ന് ബ്രസീലിലെയും ഇന്ത്യയിലെയും ഫുട്‌ബോള്‍ അധികൃതര്‍ വ്യക്തമാക്കി. ബ്രസീലിന് പുറത്ത് ഏറ്റവും കൂടുതല്‍ ആരാധക വൃന്ദമുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ നേരിട്ടെത്തി കളിക്കാനാകുന്നത് അവിസ്മരണീയമായ അനുഭവമായിരിക്കുമെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തങ്ങളുടെ ഔദ്യോഗിക പ്രതികരണത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയില്‍ നാഴികക്കല്ലാകുന്ന മത്സരമായിരിക്കും ഇതെന്നും അന്താരാഷ്ട്ര തലത്തില്‍ മുന്‍നിര താരങ്ങള്‍ക്കെതിരെ ബൂട്ടണിയുന്നത് ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് അപൂര്‍വ അനുഭവവും പ്രചോദനവുമാകുമെന്ന് എ.ഐ.എഫ്.എഫ് ഭാരവാഹികളും വ്യക്തമാക്കി.
കൊല്‍ക്കത്തയിലെ 85,000 ത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ പോരാട്ടത്തിനായുള്ള ടിക്കറ്റ് വിതരണവും സുരക്ഷാ ക്രമീകരണങ്ങളും വരും ആഴ്ചകളില്‍ പ്രഖ്യാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.