താമരശേരി ഫ്രഷ്കട്ട് പ്ലാന്റ് അടച്ചുപൂട്ടൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; സമരം പുനരാരംഭിച്ച് സമര സമിതി

താമരശേരി ഫ്രഷ്കട്ട് പ്ലാന്റ് അടച്ചുപൂട്ടൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; സമരം പുനരാരംഭിച്ച് സമര സമിതി

കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ സമര സമിതി സമരം പുനരാരംഭിച്ചു. അമ്പലമുക്കിലെ സമരപ്പന്തലിൽ നിന്ന് ഫ്രഷ്കട്ട് പ്ലാന്റിലേക്ക് പോകുന്ന വഴിയിലാണ് നിലവിൽ സമരം നടക്കുന്നത്. നിരവധി എംഎൽഎമാരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്നാണ് കമ്പനിയുടെ എല്ലാവിധ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടിരുന്നത്. അമ്പായത്തോട്ടിലെ സിൽവർ സാൻഡ് ക്രഷറിന് സമീപം പ്രവർത്തിക്കുന്ന ഈ യൂണിറ്റിൽ നിന്നും സമീപത്തെ ജനവാസ മേഖലയിലേക്ക് വലിയ തോതിൽ മാലിന്യം ഒഴുകിയെത്തുന്നത് നാട്ടുകാരിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു.

മുന്‍പ് സമാനമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് ഈ സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കിയിരുന്നെങ്കിലും കമ്പനി മലിനീകരണം തുടരുകയായിരുന്നു. ജനകീയ കർമ സമിതിയുടെയും ഇരുതുള്ളി പുഴ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ശക്തമായ രാപ്പകൽ സമരങ്ങളും പ്രതിഷേധങ്ങളുമാണ് പ്രദേശത്ത് നടന്നു വരുന്നത്.

മലിനീകരണ പ്രശ്‌നം രൂക്ഷമാവുകയും ജനകീയ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രദേശവാസികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി മലിനീകരണ നിയന്ത്രണ ബോർഡ് പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. എന്നാൽ ഈ ഉത്തരവാണ് പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.