'റൂം ഫോര്‍ റിവര്‍' ചുവപ്പുനാടയില്‍: കേരളത്തെ പ്രളയമുക്തമാക്കാനുള്ള സ്വപ്ന പദ്ധതി വെളിച്ചം കണ്ടില്ല

'റൂം ഫോര്‍ റിവര്‍' ചുവപ്പുനാടയില്‍: കേരളത്തെ പ്രളയമുക്തമാക്കാനുള്ള സ്വപ്ന പദ്ധതി വെളിച്ചം കണ്ടില്ല

കോട്ടയം: സംസ്ഥാനത്തെ പ്രളയക്കെടുതികളില്‍ നിന്ന് കരകയറ്റാനും വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരം കാണാനുമായി പ്രഖ്യാപിച്ച പ്രഖ്യാപിത റൂം ഫോര്‍ റിവര്‍ പദ്ധതി കടലാസിലൊതുങ്ങി. 2019 ല്‍ വലിയ പ്രതീക്ഷകളോടെ തുടക്കമിട്ട പദ്ധതി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഫയലുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഭരണകൂടം തന്നെ മുന്‍പ് സമ്മതിച്ചിരുന്നു. പൈലറ്റ് പദ്ധതിയായി കുട്ടനാട്ടില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഈ വന്‍കിട പദ്ധതി, ഏതാനും മാര്‍ഗ നിര്‍ദേശക റിപ്പോര്‍ട്ടുകള്‍ക്കപ്പുറം ഒരടിപോലും മുന്നോട്ടുപോയിട്ടില്ല.

നെതര്‍ലന്‍ഡസ് സന്ദര്‍ശിച്ച അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവുമാണ് അവിടെ പ്രളയം ചെറുക്കാന്‍ വിജയകരമായി നടപ്പാക്കിയ ഡച്ച് മാതൃക കേരളത്തിലും അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നെതര്‍ലന്‍ഡസില്‍ നിന്നുള്ള വിദഗ്ധ സംഘം കുട്ടനാടന്‍ മേഖലകളില്‍ നേരിട്ടെത്തി പഠനങ്ങള്‍ നടത്തി. തുടര്‍ന്ന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ പദ്ധതിക്കായി 4.5 കോടി രൂപ അനുവദിക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള വിശദമായ പഠനങ്ങള്‍ക്കായി ചെന്നൈ ഐ.ഐ.ടി.ക്ക് 1.38 കോടി രൂപ വകയിരുത്തുകയും ആദ്യഗഡുവായി 81 ലക്ഷം രൂപ കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഐ.ഐ.ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ തുടര്‍ നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

നദികളിലെ അധിക ജലം കൃത്യമായി ക്രമീകരിക്കുന്നതിനായി വിശദമായ ഹൈഡ്രോഡൈനാമിക് പഠനം നടത്തുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബണ്ടുകള്‍ ബലപ്പെടുത്തുക, നദികളുടെയും കനാലുകളുടെയും ആഴവും ഉയര വ്യത്യാസവും നിശ്ചയിക്കുക, പമ്പ, അച്ചന്‍കോവില്‍ നദികളിലെ പ്രളയജലം കുട്ടനാട്ടിലേക്ക് ഒഴുകിയെത്താതെ ബൈപ്പാസ് കനാല്‍ വഴി തോട്ടപ്പള്ളിയിലേക്ക് തിരിച്ചുവിടുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പദ്ധതി മുന്നോട്ടുവെച്ചത്. കൂടാതെ എ.സി കനാല്‍ വഴി മണിമലയാറ്റിലെ അധികജലം പള്ളാത്തുരുത്തിയിലേക്ക് എത്തിക്കുക, ചെറിയ തോടുകളും കനാലുകളും നവീകരിക്കുക, തോട്ടപ്പള്ളി പൊഴിമുഖത്ത് മണലടിയുന്നത് തടയാന്‍ ശാസ്ത്രീയമായ ഹൈഡ്രോളിക് ഡിസൈന്‍ തയ്യാറാക്കുക എന്നിവയും ആസൂത്രണം ചെയ്തിരുന്നു.

കേരള ഇന്റഗ്രറ്റഡ് വാട്ടര്‍ റിസോഴ്സ് മാനേജ്മെന്റ് തയാറാക്കിയ ആക്ഷന്‍ പ്ലാനില്‍ നദീതട കയ്യേറ്റങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യല്‍, പ്രളയത്തെ അതിജീവിച്ച് ജീവിക്കാന്‍ പ്രാദേശിക സമൂഹങ്ങളെ പ്രാപ്തരാക്കല്‍, അണക്കെട്ടുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രോട്ടക്കോള്‍ നിര്‍മിക്കല്‍ തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളുണ്ടായിരുന്നു. അന്തരീക്ഷ ശാസ്ത്ര ഡേറ്റ ലഭ്യമാക്കുന്ന വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കുകയും കുട്ടനാട്ടിലെ ജലസ്രോതസുകളുടെ കൃത്യമായ മാപ്പിങ് നടത്തുകയും ചെയ്യുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമായിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളൊന്നും പ്രയോഗത്തില്‍ വരുത്താന്‍ കഴിയാതെ പോയതോടെ സംസ്ഥാനത്തെ പ്രളയപ്രതിരോധ ശ്രമങ്ങള്‍ വീണ്ടും ചോദ്യ ചിഹ്നമായി മാറുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.