എയിംസ് മാതൃകയില്‍ മൂന്ന് പുതിയ അഖിലേന്ത്യാ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍: നിര്‍ദേശം ക്ഷണിച്ച് കേന്ദ്രം; കേരളത്തിന് മികച്ച അവസരം

എയിംസ് മാതൃകയില്‍ മൂന്ന് പുതിയ അഖിലേന്ത്യാ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍: നിര്‍ദേശം ക്ഷണിച്ച് കേന്ദ്രം; കേരളത്തിന് മികച്ച അവസരം

തിരുവനന്തപുരം: രാജ്യത്ത് എയിംസ് മാതൃകയില്‍ ദേശീയ പ്രാധാന്യമുള്ള മൂന്ന് പുതിയ അഖിലേന്ത്യാ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രാലയം സംസ്ഥാനങ്ങളില്‍ നിന്ന് നിര്‍ദേശം ക്ഷണിച്ചു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക സന്ദേശം കൈമാറി.

മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പ് രീതിയായ ചലഞ്ച് മെത്തേഡ് വഴിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കാനുള്ള സംസ്ഥാനങ്ങളെ മന്ത്രാലയം തിരഞ്ഞെടുക്കുന്നത്. നിശ്ചിത മാതൃകയിലാണ് സംസ്ഥാനങ്ങള്‍ പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ ഭൂമി ലഭ്യമാക്കല്‍, അടിസ്ഥാന സൗകര്യ വികസനം, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധത, പദ്ധതി സമയബന്ധിതമായി നടപ്പാക്കാനുള്ള ശേഷി തുടങ്ങിയ മാനദണ്ഡങ്ങള്‍ വിലയിരുത്തി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന സംസ്ഥാനങ്ങള്‍ക്കായിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അനുവദിക്കുക.

വിവരങ്ങള്‍ കൈമാറുന്നതിനും ഏകോപനത്തിനുമായി ഓരോ സംസ്ഥാനവും ഒരു നോഡല്‍ ഓഫീസറെ അടിയന്തരമായി നിയോഗിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ അഖിലേന്ത്യാ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിലാണ് പുതിയ മൂന്ന് കാമ്പസുകളും സജ്ജമാക്കുന്നത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് (എയിംസ്) സമാനമായ പദവിയുള്ള ഈ കേന്ദ്രങ്ങളില്‍ അത്യാധുനിക ആയുര്‍വേദ ചികിത്സ, ബിരുദാനന്തര ബിരുദ പഠനം, ഉന്നത ഗവേഷണം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആരോഗ്യ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കും.

കേരളത്തിന്റെ സാധ്യതകള്‍

ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ആയുര്‍വേദ പാരമ്പര്യമുള്ള കേരളത്തിന് ഈ പദ്ധതി സ്വന്തമാക്കാന്‍ ഏറെ അനുകൂല സാഹചര്യമാണുള്ളത്. ലോകമൊട്ടാകെ സ്വീകാര്യതയുള്ള കേരള ആയുര്‍വേദ ബ്രാന്‍ഡ് മൂല്യവും സംസ്ഥാനത്തുടനീളമുള്ള വിപുലമായ ചികിത്സാ ശൃംഖലയും കേരളത്തിന് മത്സരത്തില്‍ വലിയ മുന്‍തൂക്കം നല്‍കുന്നു. അന്താരാഷ്ട്ര മെഡിക്കല്‍ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമെന്ന പദവിയും അപൂര്‍വ ഔഷധ സസ്യങ്ങളുടെ സമൃദ്ധിയും കേരളത്തിന്റെ അവകാശ വാദത്തിന് കരുത്തേകുന്നു.

കൂടാതെ സംസ്ഥാനത്ത് നിലവിലുള്ള ശക്തമായ ഗവേഷണ-അക്കാദമിക് അടിത്തറയും പദ്ധതിക്കായി സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും കൂടി ചേരുമ്പോള്‍ പുതിയ അഖിലേന്ത്യാ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലേക്ക് എത്തിക്കാന്‍ വലിയ സാധ്യതയാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.