യു.എസ് സൈന്യത്തെ തളര്‍ത്തുംവരെ യുദ്ധം: ട്രംപിന്റെ കാലാവധി തീരും വരെ പോരാട്ടം തുടരുമെന്ന് ഇറാന്റെ ഐ.ആര്‍.ജി.സി

യു.എസ് സൈന്യത്തെ തളര്‍ത്തുംവരെ യുദ്ധം: ട്രംപിന്റെ കാലാവധി തീരും വരെ പോരാട്ടം തുടരുമെന്ന് ഇറാന്റെ ഐ.ആര്‍.ജി.സി

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലാവധി പൂര്‍ത്തിയാകുന്നതുവരെ പോരാട്ടം മനപൂര്‍വം നീട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് വ്യക്തമാക്കി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി). സംഘര്‍ഷം ദീര്‍ഘിപ്പിച്ച് ശത്രുവിനെ തളര്‍ത്തുന്നതിലൂടെ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ അധിനിവേശ നീക്കങ്ങളെയും പൂര്‍ണമായി ചെറുക്കാന്‍ കഴിയുമെന്ന് ഐ.ആര്‍.ജി.സി കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ മുഹമ്മദ് റസാ നഖ്ദി പറഞ്ഞു.

അടുത്ത പ്രസിഡന്റിന്റെ കാലാവധി എത്തുന്നത് വരെ യുദ്ധം നീട്ടുകയും യു.എസിന് കനത്ത സാമ്പത്തിക-സൈനിക നഷ്ടങ്ങള്‍ വരുത്തിവെക്കുകയുമാണ് പ്രധാന തന്ത്രങ്ങളിലൊന്ന്. ഇറാനെ ആക്രമിക്കാന്‍ തുനിയുന്ന ഏതൊരു ശക്തിയും അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ ലോകത്തിന് നല്‍കുന്നത്. നിലവിലെ യുദ്ധ രംഗത്ത് ഇറാനാണ് മുന്‍തൂക്കമെങ്കിലും അന്തിമലക്ഷ്യത്തിലേക്ക് എത്താന്‍ ഇനിയും ദൂരമേറെയുണ്ട്. ശത്രുക്കള്‍ ഇനിയൊരിക്കലും ആക്രമണത്തിന് മുതിരാത്ത വിധം ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് ഈ ദീര്‍ഘകാല യുദ്ധതന്ത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ പോരാട്ടത്തില്‍ നിന്ന് നിര്‍ണായക പാഠങ്ങള്‍ ഉള്‍ക്കൊണ്ട ഇറാന്‍, യു.എസ് സൈന്യം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഏറെ ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞതായും നഖ്ദി അവകാശപ്പെട്ടു.

യുദ്ധം വര്‍ഷങ്ങളോളം നീണ്ടുനിന്നാലും റോക്കറ്റ്-മിസൈല്‍ ആക്രമണങ്ങള്‍ തടസമില്ലാതെ തുടരാന്‍ ഇറാന് സാധിക്കും. നിലവില്‍ വന്‍തോതില്‍ മിസൈലുകള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ഏതെങ്കിലും ഘട്ടത്തില്‍ മിസൈല്‍ ശേഖരം തീര്‍ന്ന് പോയാല്‍ പോലും ഇറാന്‍ ഇതിലും വലിയ ഭീഷണിയായി മാറും. മിസൈലുകള്‍ ഇല്ലാതെ ഇറാന്‍ എങ്ങനെ കൂടുതല്‍ അപകടകാരിയാകും എന്ന ചോദ്യത്തിന്, ലോകമെമ്പാടും യു.എസിനുള്ള ആയിരക്കണക്കിന് സാമ്പത്തിക താല്‍പര്യങ്ങളും നിക്ഷേപങ്ങളും തങ്ങള്‍ക്ക് എളുപ്പത്തില്‍ തകര്‍ക്കാന്‍ സാധിക്കുമെന്നായിരുന്നു നഖ്ദിയുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.