അരിവിഹിതത്തില്‍ കുറവ്, വില വര്‍ദ്ധനവ്: ഓണക്കാലത്ത് റേഷന്‍ വിതരണത്തെച്ചൊല്ലി മുന്നണിപ്പോര് രൂക്ഷം; മറുപടിയുമായി ഭക്ഷ്യവകുപ്പ്

അരിവിഹിതത്തില്‍ കുറവ്, വില വര്‍ദ്ധനവ്: ഓണക്കാലത്ത് റേഷന്‍ വിതരണത്തെച്ചൊല്ലി മുന്നണിപ്പോര് രൂക്ഷം; മറുപടിയുമായി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി റേഷന്‍ കടകള്‍ വഴിയുള്ള കുറഞ്ഞ വിലയിലെ അരി വിതരണത്തെച്ചൊല്ലി സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ മുന്നണികള്‍ തമ്മില്‍ രൂക്ഷമായ രാഷ്ട്രീയ തര്‍ക്കം. കഴിഞ്ഞ ഓണക്കാലത്ത് വിലക്കുറവില്‍ പൊതുവിതരണ ശൃംഖല വഴി അരി എത്തിച്ച സര്‍ക്കാര്‍ ഇത്തവണ ജനങ്ങളെ ദുരിതത്തിലാക്കി ഉയര്‍ന്ന നിരക്കിലാണ് വിതരണം നടത്തുന്നതെന്ന ആരോപണവുമായി എല്‍.ഡി.എഫ് രംഗത്തെത്തി. എന്നാല്‍, മുന്‍ എല്‍.ഡി.എഫ് ഭരണകാലത്ത് സംസ്ഥാന സര്‍ക്കാര്‍ അരിക്ക് പകരം കേന്ദ്രത്തോട് കൂടുതല്‍ ഗോതമ്പ് ആവശ്യപ്പെട്ടതിന്റെ പ്രതിഫലനമാണ് നിലവില്‍ അരിവിഹിതത്തില്‍ ഉണ്ടായ കുറവെന്ന് ഭക്ഷ്യവകുപ്പും പ്രതികരിച്ചു.

വിഷയം വലിയ രാഷ്ട്രീയ ചര്‍ച്ചയായതോടെ പ്രതിപക്ഷ നിരയില്‍ നിന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും ഭരണപക്ഷത്ത് നിന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും തമ്മിലാണ് രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുന്നത്. കഴിഞ്ഞ ഓണക്കാലത്ത് വെള്ള കാര്‍ഡുടമകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 15 കിലോ അരിയും നീല കാര്‍ഡിന് 10 കിലോയും പിങ്ക് കാര്‍ഡിന് അഞ്ച് കിലോ വീതവും അരി വിതരണം ചെയ്തിരുന്നുവെന്ന് ജി.ആര്‍ അനില്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇത്തവണ വിഹിതം ഏഴ്, മൂന്ന് കിലോ എന്ന രീതിയില്‍ വെട്ടിക്കുറയ്ക്കുകയും പിങ്ക് കാര്‍ഡുകാര്‍ക്ക് ലഭിക്കേണ്ട പ്രത്യേക അരി വിഹിതം പൂര്‍ണ്ണമായി നിഷേധിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പകരം 26 രൂപ നിരക്കിലാണ് പൊതുവിതരണ ശൃംഖല വഴി അരി വില്‍ക്കുന്നതെന്നും ഓണ സീസണില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് പകരം അളവ് കുറയ്ക്കുകയും വില കൂട്ടുകയുമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദേഹം വ്യക്തമാക്കി.

എന്നാല്‍ ആരോപണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി അനൂപ് ജേക്കബ് മറുപടി നല്‍കി. ഓണക്കാലത്ത് നല്‍കേണ്ട ആനുകൂല്യങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, മഞ്ഞ കാര്‍ഡുടമകള്‍ക്ക് കഴിഞ്ഞ തവണത്തെപ്പോലെ തന്നെ 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യ ഓണക്കിറ്റും കൃത്യമായി ഉറപ്പാക്കിയിട്ടുണ്ടെന്ന് വിശദീകരിച്ചു. കൂടാതെ നീല കാര്‍ഡിന് മൂന്ന് കിലോ അരി 10.90 രൂപ നിരക്കിലും ആട്ടയും ഗോതമ്പും കുറഞ്ഞ നിരക്കില്‍ നല്‍കുന്നതിനൊപ്പം 26 രൂപ നിരക്കില്‍ 10 കിലോ അരി അധികമായി നല്‍കുന്നുണ്ട്. പിങ്ക്, വെള്ള കാര്‍ഡുകാര്‍ക്കും മുന്‍ഗണന അനുസരിച്ചുള്ള ഭക്ഷ്യധാന്യ വിഹിതങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അരിവിഹിതത്തിലുണ്ടായ മാറ്റമാണ് താല്‍ക്കാലിക പ്രതിസന്ധിക്ക് കാരണമായതെന്ന് ഭക്ഷ്യവകുപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ കേന്ദ്ര വിഹിതത്തില്‍ 6459 മെട്രിക് ടണ്ണിന്റെ കുറവുണ്ടായി. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഗോതമ്പ് വിഹിതം പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് അരിവിഹിതം ആനുപാതികമായി കുറഞ്ഞത്. അവശേഷിച്ച സ്റ്റോക്ക് ഉപയോഗിച്ച് കഴിഞ്ഞ വിഷുവിന് പ്രത്യേക അരി നല്‍കിയതിനാല്‍ ഓണത്തിനായുള്ള സ്റ്റോക്ക് പരിമിതമായിരുന്നു. എന്നിരുന്നാലും ഈ മാസം 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണത്തിനായി ലഭ്യമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.