ദാരിദ്ര്യം മുഖമുദ്രയായ ഇറാനിൽ കുട്ടികൾ അപകടം പിടിച്ച ‘കോൽബാരി’ ജോലികളിലേക്ക്; ആശങ്കയോടെ മനുഷ്യാവകാശ പ്രവർത്തകർ

ദാരിദ്ര്യം മുഖമുദ്രയായ ഇറാനിൽ കുട്ടികൾ അപകടം പിടിച്ച ‘കോൽബാരി’ ജോലികളിലേക്ക്; ആശങ്കയോടെ മനുഷ്യാവകാശ പ്രവർത്തകർ

ടെഹ്റാൻ; അതിരൂക്ഷമായ ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം ഇറാനിലെ അതിർത്തി പ്രദേശങ്ങളിലെ കുട്ടികൾ അപകടം പിടിച്ച ‘കോൽബാരി’ ജോലികളിലേക്ക് തിരിയുന്നതായി റിപ്പോർട്ട്. കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനും പഠനച്ചെലവുകൾ കണ്ടെത്തുന്നതിനുമായാണ് കൊച്ചുകുട്ടികൾ പോലും പർവതപ്രദേശങ്ങളിലൂടെ കാൽനടയായി ഭാരം ചുമന്നുകൊണ്ടുള്ള ഈ സാഹസിക ജോലിയിൽ ഏർപ്പെടുന്നത്. പ്രമുഖ ലേബർ വാർത്താ ഏജൻസിയായ ഐ.എൽ.എൻ.എ ആണ് ഈ ഗൗരവമേറിയ വിഷയം പുറത്തുകൊണ്ടുവന്നത്.

സുരക്ഷാ സേനയുടെ വെടിയേൽക്കാനുള്ള സാധ്യത, കുഴിബോംബ് സ്ഫോടനങ്ങൾ, തണുത്തുറഞ്ഞ മലനിരകളിലൂടെ കാൽവഴുതി വീണുള്ള അപകടങ്ങൾ എന്നിവ നിറഞ്ഞ അതീവ ദുർഘടമായ അതിർത്തി പാതകളിലൂടെയാണ് ഈ കുട്ടികൾ സാധനങ്ങൾ ചുമന്നു കടത്തുന്നത്. കുട്ടികൾ ഇരിക്കേണ്ടത് സ്കൂളുകളിലെ ക്ലാസ് മുറികളിലാണെന്നും, ഇത്തരം അപകടകരമായ വഴികളിലല്ലെന്നും തൊഴിൽ അവകാശ പ്രവർത്തകനായ അബ്ദുള്ള ബെൽവസി ഐ.എൽ.എൻ.എയോട് വ്യക്തമാക്കി.

വർഷങ്ങളായുള്ള ഉയർന്ന പണപ്പെരുപ്പവും കറൻസിയുടെ മൂല്യത്തകർച്ചയും ഇറാനിലെ ജനജീവിതം പൂർണ്ണമായും ദുസ്സഹമാക്കിയിട്ടുണ്ട്. കുടുംബത്തിന്റെ കടുത്ത പട്ടിണി മാറ്റാൻ സർവകലാശാലാ ബിരുദധാരികളും കായികതാരങ്ങളും പോലും ഗത്യന്തരമില്ലാതെ അപകടകരമായ ഈ തൊഴിലിലേക്ക് തിരിയുകയോ അല്ലെങ്കിൽ നാടുവിടുകയോ ചെയ്യുന്ന ദയനീയ അവസ്ഥയാണ് നിലവിലുള്ളത്. കുറുക്കുവഴികളിലൂടെ ഭാരമേറിയ ചുമടുകൾ പേറുന്ന ഈ ‘കോൽബാർ’ തൊഴിലാളികളിൽ പലരും സുരക്ഷാസേനയുടെ വെടിയേറ്റോ പ്രകൃതിക്ഷോഭങ്ങളിലോ കൊല്ലപ്പെടുന്നത് പതിവായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.