ന്യൂയോര്‍ക്ക്: ഒരു വര്‍ഷത്തിനിടെ രണ്ട് കോടിയിലധികം കുട്ടികള്‍ ഓണ്‍ലൈന്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ സംഘടനയായ യുണിസെഫ്. 21 രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികള്‍ക്കിടയില്‍ നടത്തിയ പുതിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ 12 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ അഞ്ചില്‍ ഒരാള്‍ വീതം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സര്‍വേ നടത്തിയ രാജ്യങ്ങളില്‍ ഏകദേശം 1.5 കോടി കുട്ടികള്‍ അനാവശ്യമായ ലൈംഗിക ഉള്ളടക്കങ്ങള്‍ക്ക് ഇരയായി. ഒമ്പത് ലക്ഷം കുട്ടികള്‍ ലൈംഗിക സംഭാഷണങ്ങള്‍ക്കോ ചിത്രങ്ങള്‍ പങ്കുവയ്ക്കാനോ ഉള്ള സമ്മര്‍ദത്തിന് വിധേയരായി.
നാല് ലക്ഷം കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെട്ടു. കെനിയ, പാകിസ്ഥാന്‍, ബ്രസീല്‍, സെര്‍ബിയ തുടങ്ങിയ 21 രാജ്യങ്ങളിലെ ഏകദേശം 21,000 കുട്ടികളെ ഉള്‍പ്പെടുത്തി 2020 നും 2025 നും ഇടയില്‍ ശേഖരിച്ച ദേശീയ പ്രതിനിധി സര്‍വേകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം തയ്യാറാക്കിയത്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അതിക്രമങ്ങളില്‍ ഭൂരിഭാഗവും നടന്നിരിക്കുന്നത് ഫെയ്‌സ് ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, ടിക് ടോക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ്. 14 ശതമാനം അതിക്രമങ്ങള്‍ ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെയാണ് നടന്നത്.
കുട്ടികള്‍ നേരിട്ട അതിക്രമങ്ങളില്‍ പകുതിയിലേറെയും കുട്ടികള്‍ക്ക് നേരത്തെ അറിയാവുന്ന സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്നാണ് ഉണ്ടായത്. എന്നാല്‍ 38 ശതമാനം കുട്ടികളും ചൂഷണത്തിന് ഇരയായത് ഓണ്‍ലൈന്‍ വഴിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.