പുരാതന ചാവുകടല്‍ ചുരുള്‍ ശകലങ്ങള്‍ കണ്ടെത്തി ഇസ്രായേലി പുരാവസ്തു ഗവേഷകര്‍

പുരാതന ചാവുകടല്‍ ചുരുള്‍ ശകലങ്ങള്‍ കണ്ടെത്തി ഇസ്രായേലി പുരാവസ്തു ഗവേഷകര്‍

ജറുസലേം: ബൈബിള്‍ വാക്യങ്ങള്‍ അടങ്ങുന്ന ചാവുകടല്‍ ചുരുളിന്റെ ഒരു ഡസനോളം കഷണങ്ങള്‍ ഇസ്രയേലിലെ ചാവുകടലിനടുത്തുള്ള ഗുഹകളില്‍ നിന്ന് പുരാവസ്തു ഗവേഷകരുടെ സംഘം കണ്ടെത്തിയതായി ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചു.1,900 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമന്‍ സാമ്രാജ്യത്തിനെതിരേയുള്ള കലാപത്തില്‍ യഹൂദര്‍ ഒരു ഗുഹയില്‍ ഒളിപ്പിച്ച നിലയിലുള്ള ചാവുകടല്‍ ചുരുളുകളാണ് ഗവേഷകര്‍ കണ്ടെടുത്തത്. 60 വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയ ചാവുകടല്‍ ചുരുളുകളുടെ ആദ്യ ഭാഗങ്ങളാണ് ഈ ശകലങ്ങള്‍. ചുരുള്‍ ശകലങ്ങളില്‍ പ്രവാചകന്മാരായ സഖറിയയുടെയും നാഹൂമിന്റെയും പുസ്തകങ്ങളില്‍നിന്നുള്ള വാക്യങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. ഗ്രീക്ക് ഭാഷയിലാണിവ എഴുതിയിട്ടുള്ളത്. പുരാതന വസ്തുക്കള്‍ കൊള്ളയടിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2017 മുതല്‍ യഹൂദ മരുഭൂമിയിലെ ഗുഹകളിലും മലഞ്ചെരുവുകളിലും പുരാവസ്തു ഗവേഷകര്‍ പര്യവേഷണം നടത്തുന്നുണ്ട്.

1940കളിലും 50 കളിലും പശ്ചിമേഷ്യയിലെ ചാവുകടലിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തെ പുരാതന ജനവാസകേന്ദ്രമായ ഖിര്‍ബത് ക്വുമ്രാനോടുചേര്‍ന്നുള്ള താഴ്വരയിലെ പതിനൊന്നു ഗുഹകളില്‍നിന്ന് കണ്ടുകിട്ടിയ തൊള്ളായിരത്തോളം ലിഖിതരേഖകളാണ് ചാവുകടല്‍ ചുരുളുകള്‍ എന്നറിയപ്പെടുന്നത്. ഇവയില്‍ ഒരു പ്രധാന ഭാഗം എബ്രായ ബൈബിളിലെ പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ പുസ്തകം'' എന്നറിയപ്പെടുന്ന ഗ്രന്ഥഭാഗങ്ങളാണ്. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിനപ്പുറത്തുനിന്ന് പല കാര്യങ്ങളിലേക്കും വെളിച്ചം വീശുന്ന ഈ ചുരുളുകള്‍ മതപരവും ചരിത്രപരവുമായി വലിയ പ്രാധാന്യമുള്ള രേഖകളാണ്.


ചുരുളുകള്‍ക്കൊപ്പം 6,500 വര്‍ഷം പഴക്കമുള്ള ഒരു കുട്ടിയുടെ അസ്ഥികൂടം, അപൂര്‍വ നാണയങ്ങള്‍, ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു നെയ്ത്ത് കൊട്ട എന്നിവയും സംഘം കണ്ടെത്തി. 10,500 വര്‍ഷം പഴക്കമുള്ളതാണ് നെയത്ത് കൊട്ട എന്നാണു കരുതപ്പെടുന്നത്. ഏറ്റവും പുതിയ ശകലങ്ങള്‍ മരുഭൂമിയിലെ ഒരു മലഞ്ചെരിവില്‍നിന്ന് 80 മീറ്റര്‍ (262 അടി) താഴെയുള്ള ഹൊറര്‍ കേവ് എന്നറിയപ്പെടുന്ന ഗുഹയില്‍നിന്നാണ് കണ്ടെത്തിയത്. മുകളില്‍നിന്ന് കയറിലൂടെ തൂങ്ങിയിറങ്ങി മാത്രമേ ഇവിടെ എത്തിച്ചേരാനാകൂ. 1960ലെ പര്യവേഷണത്തിടെ 40 മനുഷ്യ അ്സഥികൂടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഗുഹയ്ക്ക് ഹൊറര്‍ കേവ് എന്ന പേരു വീണത്.


70 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്വുമ്രാന് ചുറ്റുമുള്ള ഗുഹകളില്‍നിന്ന് ലഭിച്ച ചാവുകടല്‍ ചുരുളുകള്‍ പുരാവസ്തുഗവേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുവെഴുത്തുകളുടെ കണ്ടെത്തലായിരുന്നു. അതില്‍ എബ്രായ ബൈബിളിന്റെയും യേശുവിന്റെ കാലത്തെ മറ്റു യഹൂദഗ്രന്ഥങ്ങളുടെയും ഏറ്റവും പഴയ പതിപ്പുകള്‍ അടങ്ങിയിരിക്കുന്നു. ചുരുളുകളില്‍ ഭൂരിഭാഗവും ജറുസലേമിലെ ഇസ്രായേല്‍ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പ്രദേശത്തെ കാലാവസ്ഥാ സാഹചര്യങ്ങളായിരിക്കണം ഈ ചുരുളുകളും പുരാതന രേഖകളും കേടുകൂടാതെ സംരക്ഷിക്കപ്പെടാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.