തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ കേരള പൊലീസ് നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ തൂഫാന്‍ ശക്തമായി മുന്നോട്ട്. പരിശോധനകളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ 11,776 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം 77 കേസുകളിലായി 88 പേര്‍ കൂടി വലയിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത ആകെ കേസുകളുടെ എണ്ണം 10,918 ആയി ഉയര്‍ന്നു.
വന്‍ തോതിലുള്ള ലഹരി മരുന്ന് ശേഖരമാണ് പരിശോധനകളില്‍ പൊലീസ് പിടിച്ചെടുത്തത്. ഇതുവരെ 23,925.120 ഗ്രാം എം.ഡി.എം.എയും 1457.401 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മാത്രം 89.330 ഗ്രാം എം.ഡി.എം.എ, 1.091 കിലോഗ്രാം കഞ്ചാവ്, 17.06 ഗ്രാം ഹാഷിഷ് ഓയില്‍, 8.14 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവ കണ്ടെടുത്തു.
സമീപ ദിവസത്തില്‍ എടുത്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 26 കേസുകളും മീഡിയം ക്വാണ്ടിറ്റിക്ക് അഞ്ച് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റിക്ക് മൂന്ന് കേസുകളും ഉള്‍പ്പെടുന്നു. കൂടാതെ എന്‍.ഡി.പി.എസ് ആക്ട് സെക്ഷന്‍ 27 പ്രകാരം 43 കേസുകളും പുകയില വിരുദ്ധ നിയമപ്രകാരം 37 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേവലം റെയ്ഡുകളിലും അറസ്റ്റുകളിലും ഒതുങ്ങാതെ ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി പൊലീസ് സംഘടിപ്പിക്കുന്നുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം 34 ബോധവല്‍കരണ ക്ലാസുകള്‍ പൊലീസ് നടത്തി. ഇതുവരെ ആകെ 9,864 ബോധവല്‍കരണ ക്ലാസുകളും 781 കൗണ്‍സിലിങുകളും പൂര്‍ത്തിയാക്കി. സ്‌കൂള്‍, കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 6877 ബോധവല്‍കരണ പരിപാടികളും സംഘടിപ്പിച്ചു കഴിഞ്ഞു.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും വാട്‌സ്ആപ്പ് വഴിയും പൊലീസിനെ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നതിനായി 9497979794, 9497927797 എന്നി ഫോണ്‍ നമ്പറുകളും 9995966666 എന്ന വാട്‌സ്ആപ്പ് നമ്പറും സജ്ജീകരിച്ചിട്ടുണ്ട്. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.