സൗദിയില്‍ ഹൂതികളുടെ വന്‍ ആക്രമണം: റിയാദ് വിമാനത്താവളത്തിലും എണ്ണ സംസ്‌കരണ കേന്ദ്രത്തിലും സ്‌ഫോടനം

സൗദിയില്‍ ഹൂതികളുടെ വന്‍ ആക്രമണം: റിയാദ് വിമാനത്താവളത്തിലും എണ്ണ സംസ്‌കരണ കേന്ദ്രത്തിലും സ്‌ഫോടനം

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ ശക്തമായ ആക്രമണം. തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, യാന്‍ബുവിലെ അരാംകോ എണ്ണ സംസ്‌കരണ കേന്ദ്രം എന്നിവിടങ്ങളിലാണ് ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് രണ്ട് കേന്ദ്രങ്ങളില്‍ നിന്നും വലിയ തോതില്‍ പുക ഉയരുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം സംഭവത്തെക്കുറിച്ച് സൗദി ഔദ്യോഗികമായി ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഇന്നലെയാണ് രാജ്യ തലസ്ഥാനമായ റിയാദില്‍ മിസൈല്‍ ആക്രമണ മുന്നറിയിപ്പുകള്‍ ഉയര്‍ന്നത്. പ്രദേശവാസികളുടെ ഫോണുകളിലേക്ക് സുരക്ഷാ സന്ദേശങ്ങള്‍ എത്തിയതിന് തൊട്ടുപിന്നാലെ വിമാനത്താവള പരിസരത്ത് ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി റിയാദിലും അല്‍ ഖര്‍ജിലും ജനങ്ങള്‍ തുറസായ സ്ഥലങ്ങളിലേക്ക് ഇറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

യമന്‍ തലസ്ഥാനമായ സനായില്‍ വ്യോമാക്രമണം നടത്താനുള്ള സൗദി സഖ്യസേനയുടെ നീക്കം തടഞ്ഞതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് ഹൂതികള്‍ സൗദിക്ക് നേരെ നേരിട്ട് ആക്രമണം അഴിച്ചുവിട്ടത്. അതിനിടെ തെക്കന്‍ യമനില്‍ സൗദി പിന്തുണയുള്ള യമന്‍ സേനയും ഹൂതികളും തമ്മില്‍ നടന്ന പോരാട്ടത്തില്‍ 17 സേനാംഗങ്ങളും 31 ഹൂതി വിമതരും ഉള്‍പ്പെടെ 48 പേര്‍ കൊല്ലപ്പെട്ടു.

സൗദി അറേബ്യയിലെ ജനവാസ മേഖലകളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി ശക്തമായി അപലപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.