ലണ്ടന്‍/ വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ബ്രിട്ടനിലെ ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡ് വ്യോമസേനാ താവളത്തില്‍ നിന്ന് അമേരിക്കയുടെ ബി-1ബി ദീര്‍ഘദൂര ബോംബര്‍ വിമാനം പറന്നുയര്‍ന്നതായി റിപ്പോര്‍ട്ട്. അതിനിടെ മേരിലാന്‍ഡിലെ പ്രസിഡന്റിന്റെ വിശ്രമ കേന്ദ്രമായ ക്യാമ്പ് ഡേവിഡ് സന്ദര്‍ശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയതും ചര്‍ച്ചയായി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുന്‍പ് നിശ്ചയിച്ചതിലും ഒരു ദിവസം മുന്‍പാണ് ട്രംപിന്റെ മടക്കം. എന്നാല്‍ ക്യാമ്പ് ഡേവിഡില്‍നിന്ന് നേരത്തെ ട്രംപ് മടങ്ങുന്നതിന്റെ കാരണം അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യയില്‍ നിലവില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവെച്ച നിബന്ധനകളില്‍ ട്രംപിന്റെ പ്രതികരണം പുറത്തുവരാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.
മാര്‍ച്ച് മുതല്‍ ഇറാന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടന്ന 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' ആക്രമണങ്ങളുടെ പ്രധാന താവളമായി പ്രവര്‍ത്തിച്ചത് ബ്രിട്ടണിലെ ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡ് ആണ്. ആഫ്റ്റര്‍ ബേണറുകള്‍ ഉപയോഗിച്ച് വിമാനം പറന്നുയരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വലിയ തോതില്‍ ആയുധശേഖരം വഹിക്കുമ്പോഴോ അല്ലെങ്കില്‍ പരിശീലന സമയത്തോ ആണ് സാധാരണയായി ഇത് ഉപയോഗിക്കാറുള്ളത്.
എന്നാല്‍ ഈ ബോംബര്‍ വിമാനത്തിന്റെ കൃത്യമായ ദൗത്യം എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വ്യോമതാവളത്തില്‍ പതിവായി അമേരിക്കന്‍ ബോംബര്‍ വിമാനങ്ങളുടെ പരിശീലന ദൗത്യങ്ങള്‍ നടക്കാറുള്ളതിനാല്‍, വിമാനം പുറപ്പെട്ടതിന് പിന്നില്‍ നിലവിലെ ഇറാന്‍ സംഘര്‍ഷവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് ഉറപ്പിച്ചു പറയാനാകില്ല.
പന്ത്രണ്ടോളം ബി-1ബി ബോംബര്‍ വിമാനങ്ങള്‍ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. തങ്ങളുടെ സായുധ സേന കനത്ത ജാഗ്രതയിലാണെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ടെഹ്റാനില്‍ നിന്ന് ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതിനിടെ പശ്ചിമേഷ്യയിലെ ആറ് രാജ്യങ്ങളിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൈനിക സംഘര്‍ഷം തീവ്രമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, ഈ മേഖലയിലൂടെയോ മേഖലയിലേക്കോ ഉള്ള യാത്രകളെക്കുറിച്ച് അമേരിക്കക്കാര്‍ പുനര്‍ചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു.
ക്യാമ്പ് ഡേവിഡിലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി ട്രംപ് നിശ്ചയിച്ചതിലും നേരത്തെ വൈറ്റ് ഹൗസിലേക്ക് മടങ്ങിയതും പുതിയ സംഭവ വികാസങ്ങളും ചേര്‍ത്ത് നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്. അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന്‍ തങ്ങളുടെ നിബന്ധനകള്‍ ഖത്തര്‍ പ്രതിനിധികള്‍ വഴി യുഎസിന് കൈമാറിയിട്ടുണ്ടെന്നും ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഖത്തര്‍ പ്രതിനിധികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്‌സെന്‍ റെസായി വ്യക്തമാക്കിയതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചു. നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള വഴി തുറക്കുമ്പോഴും ഒരു യുദ്ധത്തിന് ഇറാന്‍ സജ്ജമാണെന്നും റെസായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.