സീറോമലബാര്‍ സഭയില്‍ ഇനിമുതല്‍ ഒക്ടോബര്‍ ‘മിഷന്‍ മാസം’; സർക്കുലർ പുറത്തിറക്കി മേജര്‍ ആര്‍ച്ചു ബിഷപ്പ്

സീറോമലബാര്‍ സഭയില്‍ ഇനിമുതല്‍ ഒക്ടോബര്‍ ‘മിഷന്‍ മാസം’; സർക്കുലർ പുറത്തിറക്കി മേജര്‍ ആര്‍ച്ചു ബിഷപ്പ്

കൊച്ചി: സീറോമലബാര്‍ സഭയിൽ ഇനിമുതൽ എല്ലാ വർഷവും ഒക്ടോബർ മാസം ‘മിഷന്‍ മാസമായി’ ആചരിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക സർക്കുലർ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പുറപ്പെടുവിച്ചു.

2024-ൽ പാലായിൽ നടന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ നിർദേശപ്രകാരം സിനഡ് കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചരിത്രപരമായ നടപടി. ഇതുവരെ ജനുവരി മാസത്തിൽ ദനഹാത്തിരുനാൾ ദിനത്തിൽ ആരംഭിക്കുന്ന വിധത്തിലായിരുന്നു സഭയിൽ മിഷൻ വാരമായി ആചരിച്ചു വന്നിരുന്നത്.

എന്നാൽ മിഷൻ ആഭിമുഖ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മിഷൻ വാരാചരണത്തിന് പകരം ഒക്ടോബർ മാസം മുഴുവനും മിഷൻ മാസമായി ആചരിക്കാൻ മെത്രാൻ സിനഡ് തീരുമാനിക്കുകയായിരുന്നു.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ മിഷൻ ഓഫീസിനായിരിക്കും ഈ ആചരണത്തിന്റെ ഏകോപനച്ചുമതല. മിഷൻ മാസാചരണത്തിന്റെ ഭാഗമായി ഓരോ ആഴ്ചയിലും പ്രത്യേക വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള വിപുലമായ പ്രവർത്തനങ്ങൾ ഇടവകകളിൽ നടക്കും.

മിഷൻ മാസം മുഴുവനും ഇടവകകളിലും കുടുംബ യൂണിറ്റുകളിലും കുടുംബങ്ങളിലും മിഷനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന് സർക്കുലറിൽ ഓർമ്മിപ്പിക്കുന്നു. ജപമാലയിലും വിശുദ്ധ കുർബാനയിലെ പ്രാർത്ഥനകളിലും ലോകമെങ്ങും സുവിശേഷവേല ചെയ്യുന്ന മിഷണറിമാരെയും വിശ്വാസത്തെപ്രതി പീഡനങ്ങളും മരണവും ഏറ്റുവാങ്ങുന്ന സഹോദരങ്ങളെയും പ്രത്യേകം അനുസ്മരിക്കണം.

സഭയിൽ ആരംഭിച്ചിട്ടുള്ള ‘ജീവൻ ജ്യോതി’ എന്ന ഔദ്യോഗിക അല്മായ പ്രേഷിത മുന്നേറ്റത്തിന് എല്ലാ രൂപതകളിലും ഇടവകകളിലും ഈ മാസത്തിൽ തുടക്കം കുറിക്കണം. 2033 ലെ ഈശോമിശിഹായുടെ രക്ഷാകര സംഭവത്തിന്റെ മഹാജൂബിലിക്ക് ഒരുങ്ങുന്ന സഭയ്ക്ക് ഈ മിഷൻ മാസാചരണം പുതിയൊരു പ്രേഷിത ഉണർവ് സമ്മാനിക്കുമെന്നും മാര്‍ റാഫേല്‍ തട്ടില്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.