കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ റോമിൽ; ഒരുക്കങ്ങൾ സജീവം

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ റോമിൽ; ഒരുക്കങ്ങൾ സജീവം

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ 23 വരെ റോമിൽ നടക്കും. സീറോ മലബാർ സഭയുടെയും 109 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കത്തോലിക്ക കോൺഗ്രസിന്റെയും ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ സംഗമമായാണ് റോം ഗ്ലോബൽ മീറ്റ് സംഘടിപ്പിക്കുന്നത്. ലിയോ പതിനാലാമൻ മാർപാപ്പ സമ്മേളനത്തിൽ പ്രത്യേകമായി പങ്കെടുത്ത് ആശീർവാദം നൽകും.

ആഗോളതലത്തിൽ സമുദായ ശക്തീകരണത്തിന്റെ വിവിധ മേഖലകൾ, പ്രതിസന്ധികൾ, സാധ്യതകൾ, ഗ്ലോബൽ കണക്ടിവിറ്റി, ബിസിനസ് നെറ്റ്‌വർക്കിംഗ് എന്നിവ ആസ്പദമാക്കിയുള്ള സെഷനുകൾ, ചർച്ചകൾ, സംവാദങ്ങൾ, നയരൂപീകരണങ്ങൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, പൗരത്യ സഭാകാര്യാലയം പ്രീഫെക്ട് കർദിനാൾ മാർ ക്ലൗദിയോ ഗുജറോത്തി, ബിഷപ്പ് ലഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ, വിവിധ ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ, ബിഷപ്പുമാരായ മാർ സ്റ്റീഫൻ ചിറപ്പണത്ത്, മാർ ജോയ് ആലപ്പാട്ട്, മാർ ജോസ് കല്ലുവേലിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ ടോണി നീലങ്കാവിൽ, മാർ ജോസഫ് അരുമച്ചാടത്ത് എന്നിവർക്കൊപ്പം സമുദായ നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും മൂന്നു ദിവസത്തെ കോൺഫറൻസിൽ സംബന്ധിക്കും.

ഗ്ലോബൽ മീറ്റിനു മുന്നോടിയായി മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിനു കൈമാറിയ പതാകയുടെ പ്രയാണം ഇപ്പോൾ പുരോഗമിക്കുകയാണ്. 32 രാജ്യങ്ങളിലൂടെ കടന്നുപോകുന്ന പതാക വിവിധ രാജ്യങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ഇന്ത്യയിലെത്തിച്ചേരും. ഒക്ടോബറിൽ ഇന്ത്യയിലെ വിവിധ രൂപതകളിലൂടെ സഞ്ചരിക്കുന്ന പതാക ഒക്ടോബർ 18ന് റോമിലേക്ക് കൊണ്ടുപോകുകയും ഒക്ടോബർ 19 ന് റോമിൽ ഉയർത്തുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.