യുദ്ധം അവസാനിപ്പിക്കാന്‍ ഏഴ് നിബന്ധനകളുമായി ഇറാന്‍; അമേരിക്ക അംഗീകരിച്ചില്ലെങ്കില്‍ കടുത്ത തിരിച്ചടിയെന്ന് മുന്നറിയിപ്പ്

യുദ്ധം അവസാനിപ്പിക്കാന്‍  ഏഴ് നിബന്ധനകളുമായി  ഇറാന്‍; അമേരിക്ക അംഗീകരിച്ചില്ലെങ്കില്‍ കടുത്ത തിരിച്ചടിയെന്ന് മുന്നറിയിപ്പ്

ടെഹ്റാന്‍: യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് മുന്നില്‍ ഏഴ് നിബന്ധനകള്‍ വച്ച് ഇറാന്‍. നിബന്ധനകള്‍ സംബന്ധിച്ച് ഖത്തര്‍ മുഖേന അമേരിക്കയെ അറിയിച്ചതായും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി പറഞ്ഞു.

നിബന്ധനകള്‍ അംഗീകരിക്കാന്‍ അമേരിക്ക തയ്യാറായില്ലെങ്കില്‍ കടുത്ത ആക്രമണങ്ങള്‍ നടത്താന്‍ ഇറാന്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മുന്നണികളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, ഇറാന്റെ മരവിപ്പിച്ചിരിക്കുന്ന ഫണ്ടുകള്‍ വിട്ടു നല്‍കുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് തങ്ങളുടെ പ്രധാന നിബന്ധനകളെന്നും റെസായി പറഞ്ഞു.

അമേരിക്ക സ്വയം സൃഷ്ടിച്ച ഈ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനും കൂടുതല്‍ അതില്‍ അകപ്പെടാതിരിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ ഇറാന്റെ അവകാശങ്ങളും നിബന്ധനകളും അംഗീകരിക്കുകയല്ലാതെ അവര്‍ക്ക് മറ്റ് വഴികളില്ല. ഈ നിബന്ധനകള്‍ അംഗീകരിക്കുന്നതാണ് അമേരിക്കയ്ക്ക് നല്ലത്. ട്രംപിന്റെ ഭീഷണികള്‍ കൊണ്ട് ഒരു ഫലവുമുണ്ടാകില്ലെന്നും നിര്‍ണായകമായ ഒരു യുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്നും റെസായി വ്യക്തമാക്കി.

അതേസമയം അമേരിക്കയുടെ ഭാഗത്തു നിന്ന് മറ്റൊരു ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്നും ഇറാന്റെ സൈനിക വിലയിരുത്തലുകള്‍ പ്രകാരം അത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യത്തെ നേരിടാന്‍ ഇറാന്‍ സജ്ജമാണ്. ഗള്‍ഫ് മേഖലയിലൂടെ ഗള്‍ഫ് ഒഫ് ഒമാന്‍ കടന്ന് അറബിക്കടലിലേക്ക് വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ നാവിക സേനയാണ് ഇറാന്റെ സൈനിക ആസൂത്രണത്തിലെ പ്രധാന ലക്ഷ്യമെന്നും റെസായി കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.