ഇറാനുമായുള്ള സംഘര്‍ഷം: മൂന്ന് വഴികള്‍ മുന്നിലുണ്ടെന്ന് ട്രംപ്; തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍

ഇറാനുമായുള്ള സംഘര്‍ഷം: മൂന്ന് വഴികള്‍ മുന്നിലുണ്ടെന്ന് ട്രംപ്; തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍

വാഷിങ്ടണ്‍: ഇറാനെ നേരിടാന്‍ തങ്ങളുടെ മുന്നില്‍ പ്രധാനമായും മൂന്ന് വഴികളുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെ പൂര്‍ണമായി ഇല്ലാതാക്കുക, ഇറാന്റെ സമ്പദ് വ്യവസ്ഥ തകരാന്‍ അനുവദിക്കുക, അല്ലെങ്കില്‍ ചര്‍ച്ചകളിലൂടെ ഒത്തുതീര്‍പ്പിലെത്തുക. ഫോക്സ് ന്യൂസുമായി നടത്തിയ സംഭാഷണത്തിലാണ് ട്രംപ് ഈ മൂന്ന് വഴികള്‍ സംബന്ധിച്ച് വ്യക്തമാക്കിയത്.

താന്‍ ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കുന്ന ഘട്ടത്തിലാണെന്നും അധികം വൈകാതെ 'വലിയ സംഭവങ്ങള്‍' ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മധ്യസ്ഥരായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ വഴി തങ്ങളുടെ നിബന്ധനകള്‍ അമേരിക്കയ്ക്ക് കൈമാറിയതായി ഇറാന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

അതേസമയം ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി ഏഴ് നിബന്ധനകള്‍ അമേരിക്കയെ അറിയിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചു. ഈ നിബന്ധനകള്‍ ഖത്തര്‍ വഴി കൈമാറിയതായി ഇറാന്റെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഹമ്മദ് ബാഗര്‍ ഘാലിബാഫ് ഞായറാഴ്ച സ്ഥിരീകരിച്ചു.

ഖത്തറാണ് ഇറാന്റെ ആവശ്യങ്ങള്‍ അമേരിക്കയ്ക്ക് കൈമാറിയതെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി നേരത്തെ വ്യക്തമാക്കിയിരുന്നു.

യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ ഫണ്ടുകള്‍ തിരികെ നല്‍കുക, നാവിക ഉപരോധം പിന്‍വലിക്കുക തുടങ്ങിയവയാണ് ടെഹ്റാന്റെ പ്രധാന ആവശ്യങ്ങള്‍. ഇവ അംഗീകരിച്ചാല്‍ മാത്രമേ പുതിയ ചര്‍ച്ചകള്‍ക്ക് തയാറാകൂ എന്ന നിലപാടിലാണ് ഇറാന്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.