വത്തിക്കാൻ സിറ്റി: ദൈവത്തിൻ്റെ വഴികൾ നമ്മുടേതുപോലെയല്ലെന്നും അവിടത്തെ പദ്ധതികൾ നമുക്ക് ചിന്തിക്കാനാവാത്തവിധം മഹത്തരമാണെന്നും ലിയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച ത്രികാലജപ പ്രാർത്ഥനയോടനുബന്ധിച്ച് വചന സന്ദേശം നൽകുകയായിരുന്നു മാർപാപ്പാ. മുന്തിരി തോട്ടത്തിലെ ജോലിക്കാരുടെ ഉപമയാണ് പാപ്പാ ഈയാഴ്ച ധ്യാനചിന്തകൾക്ക് ആധാരമാക്കിയത്.
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള വായനയെ (ഏശയ്യാ 55: 6 -9) അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ പ്രസംഗം ആരംഭിച്ചത്. ഈ വചനഭാഗത്ത് ദൈവം നമുക്ക് വലിയൊരു പ്രത്യാശ നൽകുന്നുവെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. അവിടത്തെ ചിന്തകളും വഴികളും നമ്മുടേതുപോലെയല്ലെന്ന് പ്രവാചകനിലൂടെ കർത്താവ് നമ്മോടു പറയുന്നു. വക്രതയുടെ വഴികൾ ഉപേക്ഷിച്ച്, കരുണാമയനും ക്ഷമാശീലനുമായ കർത്താവിലേക്ക് മടങ്ങണമെന്നുള്ള ഏശയ്യാ പ്രവാചകൻ്റെ ആഹ്വാനം എന്നത്തേക്കാളും ഇന്ന് പ്രസക്തമാണെന്ന് മാർപാപ്പ പറഞ്ഞു.
ദൈവം നമുക്കായി കരുതി വച്ചിരിക്കുന്നവ
ദൈവം നമുക്കായി കരുതിവച്ചിരിക്കുന്നതിന്റെ പുതുമ വിളിച്ചോതുന്നതാണ് സുവിശേഷത്തിലെ ഉപമകളെന്ന് ലിയോ പാപ്പാ പറഞ്ഞു. അതോടൊപ്പം തന്നെ, ഉദാരമായ നീതിക്കും വലിയ സ്നേഹത്തിനും നേർക്ക് നാം കാണിക്കുന്ന എതിർപ്പിനെക്കുറിച്ചും അവ വ്യക്തമാക്കുന്നു. മുന്തിരിത്തോട്ടത്തിലെ വേലയ്ക്കായി വിളിക്കപ്പെട്ട ജോലിക്കാരുടെ ഉപമയാണ് ഇന്ന് നാം ശ്രവിച്ചത്. (മത്തായി 20: 1-16) അവരിൽ ചിലർ ദിവസം മുഴുവൻ അധ്വാനിച്ചവരും മറ്റു ചിലർ ഏതാനും മണിക്കൂറുകൾ അധ്വാനിച്ചവരും വേറെ ചിലർ അവസാന മണിക്കൂർ മാത്രം അധ്വാനിച്ചവരും ആയിരുന്നു.
എന്നാൽ, മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ ദിവസം മുഴുവൻ അധ്വാനിച്ചവരെയും അവസാന മണിക്കൂറിൽ മാത്രം അദ്ധ്വാനിച്ചവരെയും ഒരുപോലെയാണ് പരിഗണിച്ചത്. തന്നെയുമല്ല, അവസാനം വന്നവർക്കു തുടങ്ങി കൂലി കൊടുക്കാൻ കാര്യസ്ഥന് പ്രത്യേക നിർദ്ദേശം നൽകുകയും ചെയ്തു.
എളുപ്പത്തിൽ ഒഴിവാക്കാമായിരുന്ന അസംതൃപ്തി
ദിവസം മുഴുവൻ ജോലി ചെയ്തവരുടെ അതൃപ്തി എളുപ്പത്തിൽ ഒഴിവാക്കാമായിരുന്നുവെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. എന്നാൽ, ദൈവത്തിൻ്റെ നന്മ ഏതാനും ചിലർക്കു മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണ് എന്ന് മനസ്സിലാക്കിത്തരാനാണ് ഇപ്രകാരം മനഃപൂർവ്വം ചെയ്തത്. തങ്ങളെത്തന്നെ ഒന്നാമതായി കരുതുന്നവർക്കും നേടിയതെല്ലാം സ്വന്തം പ്രയത്നത്തിന്റെ ഫലമാണെന്ന് കരുതുന്നവർക്കും ദൈവത്തിൻ്റെ വ്യത്യസ്തമായ വഴികളും ആലോചനകളും വെളിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത് - പാപ്പാ പറഞ്ഞു.
സ്നേഹത്തിൻ്റെ നിയമം കണക്കുകൂട്ടലുകളെ തിരുത്തുമ്പോഴും കരുണയുടെ അനുഭവം അർഹതയുടെ അതിരുകളെ വിശാലമാക്കുമ്പോഴും സമാധാനത്തിന്റെ ദാനം മാത്സര്യങ്ങൾ അവസാനിപ്പിക്കുമ്പോഴും കൃതജ്ഞതയുടെ മനോഭാവത്തിൽ നാം ഒന്നായിത്തീരുന്നു. അതിലൂടെ നമുക്കെല്ലാവർക്കും സന്തോഷവും ജ്ഞാനവും മെച്ചപ്പെട്ട ഒരു ഭാവിയും കൈവരുന്നു.
ദൈവത്തിൻ്റെ പുതുമ കടന്നുവരുന്നിടത്ത് അസൂയക്ക് സ്ഥാനമില്ല
ദൈവത്തിൻ്റെ മുന്തിരിത്തോട്ടത്തിൽ അധ്വാനിച്ചും അവിടത്തെ രാജ്യത്തിൻ്റെ വേല ചെയ്തും അവിടത്തെ 'സഹപ്രവർത്തകരാകുക' എന്നത് ഒരു വലിയ കൃപയാണ്. ദൈവത്തിൻ്റെ പുതുമ കടന്നുവരുന്നിടത്ത് അസൂയക്കോ ഭിന്നതക്കോ സ്ഥാനമില്ല. അതിനാൽ, 'കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.
ദുഷ്ടന് തന്റെ മാര്‍ഗവും അധര്‍മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ!'(ഏശയ്യാ 55 : 6-7) അവസാനമായി, പരിശുദ്ധ അമ്മയിലേക്ക് നമ്മുടെ കണ്ണുകൾ ഉയർത്താമെന്ന് മാർപാപ്പാ ആഹ്വാനം ചെയ്തു. 'നമ്മെപ്പോലെ തന്നെ ഒരു സൃഷ്ടിയായിരുന്നിട്ടും അവൾ കളങ്കരഹിതയായിരുന്നു. ദൈവത്തിൽ പ്രത്യാശ വയ്ക്കാനും അവിടത്തെ കരുണയ്ക്ക് നമ്മെത്തന്നെ സമർപ്പിക്കാനും നമ്മെ സഹായിക്കാൻ അവൾക്കു കഴിയും. അങ്ങനെ, അവിടത്തെ വഴികൾ നമ്മുടെ വഴികളായും അവിടുത്തെ ചിന്തകൾ നമ്മുടെ ചിന്തകളായും മാറും' - ഈ വാക്കുകളോടെ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.