ന്യൂയോര്‍ക്ക്: യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണയുമായി വി4 രാജ്യങ്ങള്‍. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ നാല് മധ്യ യൂറോപ്യന്‍ രാജ്യങ്ങളാണ് ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണ നല്‍കിയത്.
ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തോടനുബന്ധിച്ച് നടന്ന ആദ്യ വി4 - ഇന്ത്യ വിദേശകാര്യ മന്ത്രിതല കൂടിക്കാഴ്ചയിലാണ് ഈ രാജ്യങ്ങള്‍ തങ്ങളുടെ പിന്തുണ അറിയിച്ചത്. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഇന്ത്യ ശ്രമിക്കുന്നതിനിടെ ലഭിച്ച ഈ നിലപാട് ഏറെ നിര്‍ണായകമാണ്.
ഇന്തോ-പസഫിക് മേഖലയില്‍ വളര്‍ന്നു വരുന്ന വന്‍ ശക്തിയായ ഇന്ത്യ, യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമായി വരണമെന്ന കാര്യത്തില്‍ നാല് വി 4 രാജ്യങ്ങളും പൂര്‍ണമായും യോജിക്കുന്നുവെന്ന് സ്ലൊവാക് വിദേശകാര്യമന്ത്രി യുറായ് ബ്ലാനാര്‍ വ്യക്തമാക്കി.
ഇരുവിഭാഗവും തമ്മില്‍ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക, പ്രതിരോധ, സാംസ്‌കാരിക മേഖലകളിലും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും സഹകരണം ശക്തമാക്കാന്‍ ധാരണയായിട്ടുണ്ട്. ബഹിരാകാശം, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണവും യോഗത്തില്‍ ചര്‍ച്ചയായി.
വി4 - ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ ആദ്യ കൂടിക്കാഴ്ചയെ 'ചരിത്ര നിമിഷം' എന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വിശേഷിപ്പിച്ചത്. സാങ്കേതിക വിദ്യ, പ്രതിരോധം എന്നിവയില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുമെന്ന് ജയശങ്കര്‍ വ്യക്തമാക്കി. വി4 രാജ്യങ്ങളുമായി പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് ശക്തമായ ചരിത്ര ബന്ധമുണ്ടെന്നും അത് പുതുക്കി മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.