ഇസ്ലമാബാദിലേക്ക് പിടിഐ മാര്‍ച്ച്: വന്‍ സംഘര്‍ഷ സാധ്യത; അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം

ഇസ്ലമാബാദിലേക്ക് പിടിഐ മാര്‍ച്ച്: വന്‍ സംഘര്‍ഷ സാധ്യത; അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം

ഇസ്ലമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് സെപ്റ്റംബര്‍ 27 ന് ഇസ്ലമാബാദില്‍ നടത്താന്‍ പ്രഖ്യാപിച്ച പ്രക്ഷോഭ മാര്‍ച്ചിന് മുന്നോടിയായി നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പ്രതിഷേധം വന്‍ സംഘര്‍ഷത്തിലും ആളപായത്തിലും കലാശിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഇസ്ലമാബാദിലെ ആശുപത്രികള്‍ക്ക് പാക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.

രോഗികളുടെ പെട്ടെന്നുള്ള വര്‍ധനവ് നേരിടാനായി മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള എല്ലാ ശസ്ത്രക്രിയകളും അനിശ്ചിത കാലത്തേക്ക് മാറ്റിവെയ്ക്കാന്‍ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ആശുപത്രികളിലെ സര്‍ജിക്കല്‍ വിഭാഗങ്ങള്‍ പൂര്‍ണ സജ്ജമാക്കാനും നിലവില്‍ അവധിയില്‍ കഴിയുന്ന ജീവനക്കാരോട് ഉടന്‍ ജോലിയില്‍ പ്രവേശിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നിന്ന് ആരംഭിക്കുന്ന പിടിഐയുടെ പ്രധാന റാലി ഇസ്ലമാബാദിലേക്ക് കടക്കുന്നതോടെ ക്രമസമാധാന നില പൂര്‍ണമായി തകരുമെന്നാണ് സര്‍ക്കാരിന്റെ ഭയം.

സമരം മാറ്റിവെക്കുന്നതിനായി സര്‍ക്കാരും പിടിഐ നേതൃത്വവും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. സെപ്റ്റംബര്‍ 27 ലെ പ്രതിഷേധവും ഭാവിയിലെ റോഡ് ഉപരോധങ്ങളും ഒഴിവാക്കാന്‍ തയ്യാറായാല്‍ ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റുന്നതും അദേഹത്തെ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നതും ഉള്‍പ്പെടെയുള്ള ഇളവുകള്‍ നല്‍കാം എന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി പിടിഐ ഈ നിര്‍ദേശം തള്ളുകയായിരുന്നു.

ഇമ്രാന്‍ ഖാന്റെ സഹോദരിമാരെ കസ്റ്റഡിയിലെടുത്ത നടപടിയാണ് പ്രക്ഷോഭം ശക്തമാക്കാന്‍ പിടിഐയെ പ്രകോപിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.