ന്യൂയോര്‍ക്ക്: അതിശക്തമായ എല്‍ നിനോ പ്രതിഭാസവും കനത്ത ഉഷ്ണതരംഗവും ലോക രാജ്യങ്ങളില്‍ വന്‍ ദുരന്തത്തിന് വഴിവെച്ചേക്കാമെന്ന് ഷിക്കാഗോ സര്‍വകലാശാല ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ പുതിയ പഠനം മുന്നറിയിപ്പ് നല്കുന്നു. വരുന്ന ആറ് മാസത്തിനിടെ ലോകമെമ്പാടുമായി സ്വാഭാവിക മരണങ്ങളെക്കാള്‍ 4.51 ലക്ഷത്തോളം അധികമരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ 2027 ഫെബ്രുവരി വരെയുള്ള കാലയളവിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം.
ഇന്ത്യയിലും വന്‍ ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ചൂട് വര്‍ധിക്കുന്നത് മൂലം ഇന്ത്യയില്‍ മാത്രം 15800 അധിക മരണങ്ങള് സംഭവിച്ചേക്കാം. ഇതില്‍ പകുതിയോളം മരണങ്ങളും ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മൂന്ന് മാസക്കാലയളവില്‍ നടക്കാനിടയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 1996 മുതല്‍ 2025 വരെയുള്ള ശരാശരി താപനിലയുമായി താരതമ്യം ചെയ്താണ് ഈ അധികമരണ നിരക്ക് കണക്കാക്കിയിരിക്കുന്നത്. ദരിദ്ര, വികസ്വര ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളിലെ ജനങ്ങളെയാണ് ഈ കാലാവസ്ഥാ വ്യതിയാനം ഏറ്റവും സാരമായി ബാധിക്കുക.
പസഫിക് സമുദ്രത്തിലെ മധ്യ-കിഴക്കന്‍ മേഖലയില്‍ സമുദ്രോപരിതല താപനില റെക്കോഡ് ഉയരത്തിലെത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതിന്റെ ഫലമായി ഭൂമിയുടെ കരഭാഗത്തെ താപനില സാധാരണ നിലയെക്കാള്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. കൂടാതെ അതിശക്തമായ ചൂടുള്ള ദിവസങ്ങളുടെ എണ്ണത്തില്‍ 44 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നും ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.