ടെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മില്‍ നയതന്ത്ര-സൈനിക സംഘര്‍ഷങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ ആകാശത്ത് വര്‍ണ ശബളമായ വെളിച്ചങ്ങളോടെ അജ്ഞാത വസ്തു പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയാകുന്നു. സെപ്റ്റംബര്‍ 20 ന് തലസ്ഥാനമായ ടെഹ്‌റാനിലെ ആസാദേഗാന്‍ എക്സ്പ്രസ് വേയ്ക്ക് സമീപമാണ് ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഈ വസ്തു ആദ്യം നിരീക്ഷണത്തില്‍പ്പെട്ടത്. തൊട്ടടുത്ത ദിവസം സെപ്റ്റംബര്‍ 21 ന് സഹെദാനിലും സമാനമായ രീതിയില്‍ വിചിത്രമായ വെളിച്ചങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവത്തിന്റെ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്.
യു.എസ് സൈന്യത്തിന്റെ അതീവ രഹസ്യ വിമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടിആര്‍-3ബി ബ്ലാക്ക് മാന്റയാണിതെന്ന പ്രചാരണമാണ് ഇതോടെ സജീവമായിരിക്കുന്നത്. ശത്രുക്കളുടെ റഡാറുകളെയോ ഇന്‍ഫ്രാറെഡ് സെന്‍സറുകളെയോ വെട്ടിച്ച് നിശബ്ദമായി താഴ്ന്ന് പറക്കാന്‍ ശേഷിയുള്ള ത്രികോണാകൃതിയിലുള്ള വിമാനമാണിതെന്നാണ് പറയപ്പെടുന്നത്. ഭൂഗുരുത്വാകര്‍ഷണത്തെ മറികടക്കാന്‍ സഹായിക്കുന്ന റേഡിയോ ആക്ടീവ് പ്ലാസ്മ അധിഷ്ഠിത എഞ്ചിന്‍, വളരെ കുറഞ്ഞ ഇന്ധനത്തില്‍ വായുവില്‍ നിശ്ചലമായി നില്‍ക്കാനുള്ള ശേഷി, ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗത, പെട്ടെന്ന് 90 ഡിഗ്രി കോണില്‍ ദിശ മാറാനുള്ള കഴിവ് എന്നിവയൊക്കെ ഇതിന്റെ പ്രത്യേകതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായാണ് ഇത് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും അവകാശ വാദങ്ങളുണ്ട്. തങ്ങളുടെ പക്കല്‍ ലോകം കാണാത്ത അത്യാധുനിക ആയുധങ്ങളുണ്ടെന്ന മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയും ഇത്തരം സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
എന്നാല്‍ ബ്ലാക്ക് മാന്റ എന്ന വിമാനത്തിന്റെ നിലനില്‍പ്പ് സംബന്ധിച്ച് അമേരിക്കന്‍ ഭരണകൂടമോ സൈന്യമോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ ഇതൊരു ഗൂഢാലോചനാ സിദ്ധാന്തമായി കരുതുന്നവരും നിരവധിയാണ്. എങ്കിലും മുന്‍കാലങ്ങളില്‍ അമേരിക്കന്‍ സൈന്യം തങ്ങളുടെ രഹസ്യ വിമാനങ്ങള്‍ വര്‍ഷങ്ങളോളം പുറത്തുവിടാതെ സൂക്ഷിച്ചിരുന്ന ചരിത്രമുള്ളതിനാല്‍ ഇത്തരം നിരീക്ഷണങ്ങളെ പാടെ തള്ളിക്കളയാനാകില്ല.
ഉദാഹരണത്തിന് 1983 മുതല്‍ ആകാശത്ത് കണ്ടെത്തിയിരുന്ന എഫ്-117 നൈറ്റ്‌ഹോക്ക് എന്ന വിമാനം 1988 ല്‍ മാത്രമാണ് യു.എസ് ഔദ്യോഗികമായി അംഗീകരിച്ചത്. ഇതിന് മുമ്പ് 1976 സെപ്റ്റംബറിലും ടെഹ്‌റാനില്‍ സമാനമായ അജ്ഞാത വസ്തു പ്രത്യക്ഷപ്പെടുകയും ഇറാന്റെ എഫ്-4 യുദ്ധ വിമാനങ്ങള്‍ ഇതിനെ പിന്തുടരുകയും ചെയ്തിരുന്നു. നിലവില്‍ ടെഹ്‌റാനിലും സഹെദാനിലും പ്രത്യക്ഷപ്പെട്ട വിചിത്ര വസ്തുവിനെക്കുറിച്ച് ഇറാന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.