ചരിത്രപ്രധാനമായ ലാറ്റിൻ അമേരിക്കൻ പര്യടനത്തിന് ഒരുങ്ങി ലിയോ പാപ്പ; വിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ!

ചരിത്രപ്രധാനമായ ലാറ്റിൻ അമേരിക്കൻ പര്യടനത്തിന് ഒരുങ്ങി ലിയോ പാപ്പ; വിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ!

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ പാപ്പ നടത്തുന്ന ചരിത്രപ്രധാനമായ ലാറ്റിൻ അമേരിക്കൻ അപ്പസ്തോലിക പര്യടനത്തിന്റെ വിവരങ്ങളും ഔദ്യോഗിക ലോഗോയും വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ടു. നവംബർ ആറ് മുതൽ 17 വരെയാണ് ഈ ദീർഘ സന്ദർശനം നടക്കുന്നത്.

ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലെ 10 പ്രധാന നഗരങ്ങളിലാണ് ലിയോ പതിനാലാമൻ പാപ്പ സന്ദർശനം നടത്തുന്നത്. അയ്യായിരത്തിലധികം കിലോമീറ്റർ ദൂരവും 14 വിമാനയാത്രകളും ഉൾപ്പെടുന്ന ഈ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ആഗോള കത്തോലിക്ക സമൂഹം നോക്കിക്കാണുന്നത്.

ലാറ്റിൻ അമേരിക്കൻ ജനതയ്ക്ക് പുതിയ വിശ്വാസവും പ്രത്യാശയും പകർന്നു നൽകുന്നതിനാണ് 12 ദിവസത്തെ ഈ ദീർഘ പര്യടനം. യാത്രയിലുടനീളം പൊതു ദിവ്യബലികൾക്ക് നേതൃത്വം നൽകുന്ന മാർപാപ്പ യുവാക്കൾക്കായി മൂന്ന് വലിയ പ്രാർത്ഥനാ കൂട്ടായ്മകളും നയിക്കും.

റോമിൽ നിന്ന് യാത്ര തിരിക്കുന്ന പരിശുദ്ധ പിതാവിന് ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലാണ് ആദ്യ സ്വീകരണം ലഭിക്കുന്നത്. 1998 ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ സന്ദർശിച്ചതിനു ശേഷം ഇത് ആദ്യമായാണ് ഒരു മാർപാപ്പ ഉറുഗ്വേയിൽ എത്തുന്നത്. മോണ്ടെവീഡിയോ സെന്റിനറി സ്റ്റേഡിയത്തിൽ നടക്കുന്ന യൂത്ത് വിജിലിലും ഔവർ ലേഡി ഓഫ് ദി തിർട്ടി ദേശീയ തീർത്ഥാടന കേന്ദ്രത്തിലെ ദിവ്യബലിയിലും അദേഹം പങ്കെടുക്കും.

തുടർന്ന് അർജന്റീനയിൽ എത്തുന്ന മാർപാപ്പ ഭിന്നശേഷിക്കാർക്കായുള്ള പുനരധിവാസ കേന്ദ്രവും ഫെഡറൽ ജയിലും സന്ദർശിക്കും. ലുഹാൻ മാതാവിന്റെ പ്രശസ്തമായ ബസിലിക്കയിലും കോർഡോബയിലും അദേഹം പൊതു ദിവ്യബലികൾ അർപ്പിക്കും.

യാത്രയുടെ അവസാന ഘട്ടത്തിൽ പെറുവിലത്തുന്ന മാർപാപ്പയ്ക്ക് ഇത് സ്വന്തം തട്ടകത്തിലേക്കുള്ള മടങ്ങിവരവ് കൂടിയാണ്. മുൻപ് പെറുവിൽ മിഷനറിയായും ബിഷപ്പായും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ലിയോ പാപ്പ. ലിമ, ആമസോണിയൻ മേഖലയിലെ പുകാൽപ, തന്റെ പഴയ രൂപതയായ ചിക്കലായോ എന്നിവിടങ്ങളിൽ ജനങ്ങളെ നേരിൽ കാണുന്ന പാപ്പ ആമസോൺ ഗോത്രവർ​ഗക്കാരുമായി കൂടിക്കാഴ്ച നടത്തും.

ഭരണാധികാരികൾ, സാമൂഹിക പ്രവർത്തകർ, വിവിധ മതനേതാക്കൾ, വികലാംഗർ, തടവുകാർ എന്നിവരുമായുള്ള വിവിധ കൂടിക്കാഴ്ചകൾക്ക് ശേഷം നവംബർ 17-ന് പരിശുദ്ധ പിതാവ് റോമിലേക്ക് മടങ്ങിയെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.