നിലമ്പൂര്‍: രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കപ്പെടുകയോ ക്രമക്കേടുകള്‍ നടത്തപ്പെടുകയോ ചെയ്യുന്നത് ജനാധിപത്യ ഭരണ സംവിധാനത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി അഭിപ്രായപ്പെട്ടു. ചോക്കാട് കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട സജിതയുടെ മുണ്ടേരി അപ്പന്‍കാപ്പിലെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നിലപാടുകളെക്കുറിച്ചും അനീതികളെക്കുറിച്ചും രാഹുല്‍ ഗാന്ധി മുന്‍പ് ഉന്നയിച്ച കാര്യങ്ങള്‍ ശരിവെക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതും വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ കാട്ടിയതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം അട്ടിമറികള്‍ക്ക് സഹായം നല്‍കുന്നുവെന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടെങ്കില്‍ അത് ഏറെ ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ട്. കമ്മീഷണര്‍മാര്‍ കാര്യങ്ങള്‍ അറിഞ്ഞ് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അത് കൂടുതല്‍ അപകടകരമാണ്. അതിനാല്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ച് നീതിപൂര്‍വമായ അന്വേഷണം ഉറപ്പാക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
ബുധനാഴ്ച ഉച്ചയോടെ പോത്തു കല്ല് അപ്പന്‍കാപ്പ് ഉന്നതിയിലുള്ള വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധി, പരേതയായ സജിതയുടെ കുടുംബാംഗങ്ങളുടെ പ്രയാസങ്ങള്‍ ചോദിച്ചറിയുകയും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയും സന്ദര്‍ശന വേളയില്‍ ഒപ്പമുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.