സിഡ്നി: മാർപാപ്പയുടെ ആഗോള പ്രാർത്ഥനാ ശൃംഖലയുടെ യുവജന സമിതിയിലേക്ക് ഓസ്ട്രേലിയയിൽ നിന്ന് ക്വെയ്ൻ ഗുവേര നിയമിതയായി. ഓസ്ട്രേലിയൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ യുവജന-രൂപീകരണ വിഭാഗത്തിൽ ഫെസിലിറ്റേറ്ററായി സേവനം ചെയ്യുന്ന ക്വെയ്ൻ ഗുവേരയാണ് ഈ സുപ്രധാന ആഗോള പദവിയിലേക്ക് അർഹയായത്.
ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളെ പ്രാർത്ഥനയിലൂടെ ഒന്നിപ്പിക്കുന്ന മാർപാപ്പയുടെ പ്രാർത്ഥനാ ശൃംഖലയുടെ പ്രവർത്തനങ്ങളിൽ ഇനി ഇവർ യുവജനങ്ങളുടെ പ്രതിനിധിയായി പങ്കാളിയാകും. ആഗോളതലത്തിൽ ഈ പ്രാർത്ഥനാ ശൃംഖലയുടെ ദൗത്യത്തിന് മാർഗനിർദേശങ്ങൾ നൽകുന്ന യുവജന സമിതിയുടെ ഭാഗമായാണ് ഗുവേര പ്രവർത്തിക്കുക.
1844-ൽ ഫ്രാൻസിൽ ഒരു കൂട്ടം യുവ ഈശോസഭാംഗങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രാർത്ഥനാ പ്രസ്ഥാനത്തിന് തുടക്കമായത്. പിന്നീട് 1861-ൽ ആരംഭിച്ച 'മെസഞ്ചർ ഓഫ് ദ ഹാർട്ട് ഓഫ് ജീസസ്' എന്ന പ്രസിദ്ധീകരണം വിവിധ രാജ്യങ്ങളിലുള്ള വിശ്വാസികളെ പ്രാർത്ഥനയിലൂടെ ഒരുമിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 1879-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ പ്രതിമാസ പ്രാർത്ഥനാ നിയോഗങ്ങൾക്കു തുടക്കമിട്ടു.
2014 ൽ ഫ്രാൻസിസ് മാർപാപ്പ ഈ പ്രസ്ഥാനത്തിന്റെ ദൗത്യത്തിന് പുതിയ ദിശാബോധം നൽകി. തുടർന്ന് 2018-ൽ ഇത് മാർപാപ്പയുടെ ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടുകയും 2020 ൽ വത്തിക്കാൻ ഫൗണ്ടേഷനായി മാറുകയും ചെയ്തു. ഈശോസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ പ്രാർത്ഥനാ ശൃംഖല ഇന്ന് 90 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.
ലോകമെമ്പാടുമായി കോടിക്കണക്കിന് ആളുകൾ ഇതിന്റെ ഭാഗമാണ്. ഈ സുപ്രധാന ദൗത്യത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ഗുവേരയ്ക്ക് നിർണായക പങ്കുവഹിക്കാനാകും.
ഓസ്ട്രേലിയൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ സുവിശേഷവത്കരണം, അല്മായർ, ശുശ്രൂഷ എന്നിവയ്ക്കായുള്ള കമ്മീഷൻ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ക്രിസ്റ്റഫർ പ്രൗസ് ഈ നിയമനത്തെ സ്വാഗതം ചെയ്തു. “ഭിന്നതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്തിൽ സഭയുടെ ദൗത്യത്തിൽ പങ്കുചേരാൻ വിശ്വാസികൾക്ക് ലളിതവും എന്നാൽ ആഴമേറിയതുമായ ഒരു മാർഗമാണ് മാർപാപ്പയുടെ ആഗോള പ്രാർത്ഥനാ ശൃംഖല ഒരുക്കുന്നത്,” അദേഹം പറഞ്ഞു.
ക്വെയ്ൻ ഗുവേരയുടെ നിയമനം യുവജനങ്ങൾക്കിടയിൽ ആത്മീയ നവീകരണം വളർത്താനും സഭയുമായുള്ള അവരുടെ ബന്ധം കൂടുതൽ ആഴപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പുതിയ നിയമനത്തിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ച ക്വെയ്ൻ ഗുവേര സഭയ്ക്കുവേണ്ടിയുള്ള ഈ ദൗത്യത്തിൽ പങ്കാളിയാകാൻ കഴിയുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്ന് വ്യക്തമാക്കി. “ഈ പ്രാർത്ഥനാ ശൃംഖലയുടെ സമ്പന്നമായ പാരമ്പര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈശോയുമായുള്ള സൗഹൃദം കൂടുതൽ ആഴപ്പെടുത്താനും പ്രാർത്ഥനാജീവിതത്തിൽ വളരാനും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാനാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.