ശ്വാസകോശ ശസ്ത്രക്രിയ: ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്വാസകോശ ശസ്ത്രക്രിയ: ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വത്തിക്കാന്‍ സിറ്റി: ശ്വാസകോശത്തില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയക്കായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ റോമിലെ അഗോസ്റ്റിനോ ജെമെല്ലി സര്‍വകലാശാലാ ആശുപത്രിയില്‍ പ്രവേശിച്ചു. എഴുപത്തിയൊന്നുകാരനായ മാര്‍പാപ്പയുടെ ആരോഗ്യനിലയെക്കുറിച്ച് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങളെ വിവരം അറിയിച്ചു. ആരംഭത്തില്‍ തന്നെ മുഴ തിരിച്ചറിഞ്ഞതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ശസ്ത്രക്രിയക്ക് തയ്യാറെടുത്തിരിക്കുന്നത്.

നടപടിക്രമങ്ങള്‍ ലളിതമാണെങ്കിലും ശസ്ത്രക്രിയക്ക് ശേഷം ഏകദേശം ഒരു ആഴ്ചയോളം അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും.
ചരിത്രത്തില്‍ അമേരിക്കയില്‍ നിന്നും മാര്‍പാപ്പ പദവിയിലെത്തിയ ആദ്യ വ്യക്തിയായ ലിയോ പതിനാലാമന്‍ മാര്‍പാപ്പ. പൊതുവെ സജീവമായ ജീവിതശൈലി പുലര്‍ത്തുന്ന വ്യക്തിയാണ് അദേഹം. ടെന്നീസ്, നീന്തല്‍ തുടങ്ങിയ കായിക വിനോദങ്ങളില്‍ സജീവമായ അദേഹത്തിന്റെ പെട്ടെന്നുള്ള ഈ ആശുപത്രിവാസം വിശ്വാസികളില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മുഴ കാന്‍സര്‍ ബാധിതമാണോ എന്ന കാര്യം വത്തിക്കാന്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നവംബര്‍ ആറ് മുതല്‍ 17 വരെ ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്ക് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള സുപ്രധാന അന്താരാഷ്ട്ര പര്യടനത്തെ ഈ ശസ്ത്രക്രിയയും തുടര്‍ന്നുള്ള വിശ്രമവും ബാധിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. ആരോഗ്യപരമായ കാര്യങ്ങള്‍ക്കൊപ്പം തന്നെ, ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന തന്റെ സമാധാനാഹ്വാനം കഴിഞ്ഞ ദിവസത്തെ പ്രാര്‍ത്ഥനാ വേളയിലും അദേഹം ആവര്‍ത്തിച്ചു. യുദ്ധം സാധാരണക്കാരുടെ ജീവിതത്തെയും പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിലെ ധാന്യ കയറ്റുമതിയെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അദേഹം ഓര്‍മ്മിപ്പിച്ചു. തന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും മാര്‍പാപ്പ പ്രത്യേക നന്ദിയും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.