ഫ്രാന്‍സില്‍ തീവെപ്പും കൊള്ളയും: ജീവിതച്ചെലവിനെതിരായ പ്രക്ഷോഭം ആഭ്യന്തര കലാപത്തിലേക്ക്; 1200 ലേറെ പേര്‍ കസ്റ്റഡിയില്‍

ഫ്രാന്‍സില്‍ തീവെപ്പും കൊള്ളയും: ജീവിതച്ചെലവിനെതിരായ പ്രക്ഷോഭം ആഭ്യന്തര കലാപത്തിലേക്ക്; 1200 ലേറെ പേര്‍ കസ്റ്റഡിയില്‍

പാരീസ്: വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളിലും മോശം ജോലി സാഹചര്യങ്ങളിലും പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ തുടക്കമിട്ട പ്രക്ഷോഭത്തെ തുടര്‍ന്ന് ഫ്രാന്‍സിലുടനീളം വ്യാപകമായ അക്രമവും കലാപവും പൊട്ടിപ്പുറപ്പെട്ടു. വര്‍ധിച്ച് വരുന്ന ജീവിതച്ചെലവുകള്‍ക്കും സര്‍ക്കാരിന്റെ നയങ്ങള്‍ക്കുമെതിരെ രോഷാകുലരായ ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.

വിദ്യാര്‍ഥികള്‍ക്ക് പുറമെ അധ്യാപകര്‍, കര്‍ഷകര്‍, പെന്‍ഷന്‍കാര്‍, യെല്ലോ വെസ്റ്റ് അനുഭാവികള്‍, സിജിടി പോലെയുള്ള തൊഴിലാളി യൂണിയനുകള്‍ എന്നിവരും അണിനിരന്നതോടെ പ്രക്ഷോഭം വന്‍ ജനകീയ മുന്നേറ്റമായി മാറി. ട്രേഡ് യൂണിയനുകളുടെ കണക്ക് അനുസരിച്ച് രാജ്യ വ്യാപകമായി 5.5 ലക്ഷത്തില്‍ അധികം ആളുകള്‍ പങ്കെടുത്ത പ്രതിഷേധത്തില്‍ തലസ്ഥാനമായ പാരീസില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ അണിനിരന്നു. എന്നാല്‍ റാലികള്‍ പുരോഗമിക്കവേ പാരീസും മറ്റ് പ്രമുഖ നഗരങ്ങളും സംഘര്‍ഷഭരിതമായ കലാപ ഭൂമിയായി മാറുകയായിരുന്നു.

സമാധാനപരമായി തുടങ്ങിയ മാര്‍ച്ചുകള്‍ക്കിടയിലേക്ക് മുഖംമൂടിയണിഞ്ഞ അക്രമികള്‍ ബാരിക്കേഡുകള്‍ക്കും തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും തീയിട്ടതോടെ സ്ഥിതിഗതികള്‍ കൈവിട്ടുപോയി. കണ്ണീര്‍ വാതകത്തെ പ്രതിരോധിക്കാന്‍ പ്രത്യേക കണ്ണടകളും ഹൂഡുകളും ധരിച്ചെത്തിയ ഇവര്‍ പൊലീസിന് നേരെ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും എറിഞ്ഞു. ഇതേത്തുടര്‍ന്ന് അക്രമികളെ തുരത്താന്‍ പൊലീസ് ശക്തമായ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. രാജ്യത്തുടനീളം ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 1,200 ല്‍ അധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എങ്കിലും പാരീസിലെ കടകളും റെസ്റ്റോറന്റുകളും തകര്‍ക്കുകയും ബാറുകള്‍ക്ക് തീയിടുകയും ചെയ്ത പ്രക്ഷോഭകര്‍, പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മറ്റ് പ്രമുഖ നഗരങ്ങളിലും വന്‍ തോതിലുള്ള കൊള്ളയും പൊതുമുതല്‍ നശീകരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബോര്‍ഡോയില്‍ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് പുറമെ ലൂയി വിറ്റോണ്‍, ഹെര്‍മസ് തുടങ്ങിയ പ്രമുഖ ആഡംബര ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ തകര്‍ത്ത് വ്യാപകമായി കൊള്ളയടിച്ചു. ലിമോഷ് നഗരസഭാ കാര്യാലയത്തിന് തീയിട്ടതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു വീണു. മാര്‍സെയില്‍ മുനിസിപ്പല്‍ ആസ്ഥാനത്ത് അതിക്രമിച്ചു കയറിയ അക്രമികള്‍ ഫ്രാന്‍സിന്റെ ദേശീയ പ്രതീകമായ മരിയാനെയുടെ അര്‍ധകായ പ്രതിമ തകര്‍ക്കുകയും ടെലിവിഷനുകള്‍ തല്ലിപ്പൊളിക്കുകയും ചെയ്തു. ലിയോണില്‍ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിനും തീയിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

സംഘര്‍ഷത്തിനിടെ 60 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ബോധരഹിതരായ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആഭ്യന്തര മന്ത്രി ലോറന്റ് നുണെസ് അറിയിച്ചു. സെയിന്റ് എറ്റിയെനില്‍ സുരക്ഷാ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരു പ്രക്ഷോഭകന്റെ കൈ നഷ്ടപ്പെടുകയും ചെയ്തു. അക്രമ സംഭവങ്ങളെ കനത്ത ഭാഷയില്‍ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കും കൊള്ളയടിക്കുന്നവര്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.