പ്രതിഷേധത്തിന്റെ മറവില്‍ അക്രമികളുടെ അഴിഞ്ഞാട്ടം; അടിയന്തര യോഗം വിളിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി

പ്രതിഷേധത്തിന്റെ മറവില്‍ അക്രമികളുടെ അഴിഞ്ഞാട്ടം; അടിയന്തര യോഗം വിളിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി

മിലാന്‍: ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ മിലാനില്‍ തുടരുന്ന അക്രമങ്ങളുടെയും കൊള്ളകളുടെയും പശ്ചാത്തലത്തില്‍ അടിയന്തര സുരക്ഷാ യോഗം വിളിച്ച് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. പ്രക്ഷോഭങ്ങളുടെ മറവില്‍ നഗരത്തില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയതോടെയാണ് സര്‍ക്കാരിന്റെ നടപടി.

ജീവിതച്ചെലവ് വര്‍ധിച്ചതിനെതിരെയും സ്‌കൂളുകളിലെ മോശം സാഹചര്യങ്ങള്‍ക്കെതിരെയും മിലാന്‍, ടൂറിന്‍, ബൊളോഞ്ഞ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളുടെയും ജനങ്ങളുടെയും വലിയ പ്രകടനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. എന്നാല്‍ സമാധാനപരമായി തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമാസക്തമായി മാറുകയായിരുന്നു.

മിലാനിലെ ചരിത്ര പ്രസിദ്ധമായ കത്തീഡ്രലിന്റെ സമീപ പ്രദേശത്തും റോഡുകളിലും കറുത്ത വസ്ത്രം ധരിച്ചും മുഖംമൂടിയണിഞ്ഞുമെത്തിയ ഇരുനൂറോളം വരുന്ന കവര്‍ച്ചാ സംഘങ്ങള്‍ വ്യാപകമായ അക്രമങ്ങളാണ് അഴിച്ചുവിട്ടത്.

കടകളുടെ ജനല്‍ചില്ലുകള്‍ തകര്‍ത്ത ഇവര്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും അതിക്രമിച്ചു കയറി കൊള്ള നടത്തുകയായിരുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ സ്റ്റോറുകള്‍ ആക്രമിക്കപ്പെട്ടു. കടകളിലെ കസേരകളും മേശകളും ബാരിക്കേഡുകളും നിരത്തുകളില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കികളും സായുധ വാഹനങ്ങളും ഉപയോഗിച്ചു. കത്തീഡ്രലിനു സമീപത്തെ ഗാലറിയും മറ്റ് പ്രധാന വീഥികളും സുരക്ഷാ സേന അടച്ചുപൂട്ടി.

രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധമില്ലാത്ത, പ്രാഥമികമായി കൗമാരക്കാരായ കുട്ടികളും രണ്ടാം തലമുറ കുടിയേറ്റക്കാരുമാണ് അക്രമങ്ങള്‍ക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒറ്റദിവസം കൊണ്ട് അര മില്യണ്‍ യൂറോയിലധികം നാശനഷ്ടങ്ങള്‍ കടയുടമകള്‍ക്ക് ഉണ്ടായതായി റീട്ടെയില്‍ അസോസിയേഷന്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് റോമില്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ നേതൃത്വത്തില്‍ ഉന്നതതല സുരക്ഷായോഗം ചേരുമെന്ന് പ്രഖ്യാപിച്ചു. പൗരന്മാരുടെയും നിയമപാലകരുടെയും സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം അഴിച്ചു വിടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മെലോണി വ്യക്തമാക്കി.

അക്രമങ്ങള്‍ക്കു പിന്നില്‍ പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയാണെന്ന് മിലാന്‍ മേയര്‍ ജുസെപ്പെ സാല ആരോപിച്ചപ്പോള്‍ അക്രമികളെ എപ്പോഴും ന്യായീകരിക്കുന്ന ഇടതുപക്ഷ നിലപാടുകളെ ആഭ്യന്തരമന്ത്രി മത്തെയോ പിയാന്തെദോസി ശക്തമായി വിമര്‍ശിച്ചു. പ്രക്ഷോഭകര്‍ ഉന്നയിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.